തിരുവനന്തപുരം: സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നന് എതിരെ നടപടിയെടുക്കും. എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യാൻ നിർദേശം നല്കി.
ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷണറുടെതാണ് നിർദേശം. മുൻപ് സംഭവത്തിൽ എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരെയും കൂടാതെ മറ്റൊരു ഉദ്യോഗസ്ഥൻ കൂടി തന്നെ അപമാനിച്ചു എന്ന് ബിന്ദു ആരോപിച്ചിരുന്നു. ഇതിന്റെ കൂടുതൽ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റും.
ഉത്തരവ് സിറ്റി പോലീസ് കമ്മീഷണർ ഇന്ന് ഇറക്കും. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുന്ന ദിവസം ജിഡി ഇൻചാർജ് ആയിരുന്നു പ്രസന്നൻ. നേരത്തെ സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന എസ് ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ പൊലീസിനോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കള്ള പരാതി കൊടുക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ പിൻവലിച്ചു.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്നും ബിന്ദു പറയുന്നു.