ആലുവ: എറണാകുളം ആലുവയിൽ നാലു വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സന്ധ്യയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. കേസിൽ അടുത്ത ബന്ധുക്കളെയും ഉടൻ ചോദ്യം ചെയ്യും.
ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സന്ധ്യയെ റിമാൻഡ് ചെയ്തു.14 ദിവസത്തേക്കാണ് സന്ധ്യയെ റിമാൻഡ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രി സന്ധ്യയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ശേഷം 10 മണിയോടെ സന്ധ്യയെ കാക്കനാട് വനിത ജയിലിലേക്ക് മാറ്റി. കേസിൽ വിശദമായി അന്വേഷണം നടത്താൻ പൊലീസ് ഉടൻ സന്ധ്യക്കായി കസ്റ്റഡി അപേക്ഷ നൽകും.
അതിന് ശേഷമാകും വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുക. താൻ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതിനായി സന്ധ്യയെ പൊലീസ് കൂടുതൽ വിശദമായി ചോദ്യം ചെയ്യും. ഭർതൃ വീട്ടിൽ നിന്ന് മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്ന് സന്ധ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ വിദഗ്ധ ഉപദേശം ലഭിച്ചതിനുശേഷം പ്രതിയുടെ മാനസിക നില പരിശോധിക്കുമെന്ന് റൂറൽ എസ് പി എം ഹേമലത വ്യക്തമാക്കിയിരുന്നു.