മഹാരാഷ്ട്രയിൽ ഈ വർഷം ജനുവരി മുതൽ കോവിഡ്-19 ബാധിച്ച് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്. രണ്ട് മരണങ്ങളും മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.
മരിച്ച രണ്ടു പേരും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നവരായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മരിച്ചവരിൽ ഒരാൾ നെഫ്രോട്ടിക് സിൻഡ്രോം ഉണ്ടായിരുന്ന ആളും മറ്റൊരാൾ കാൻസർ രോഗിയുമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ജനുവരി മുതൽ കൊറോണ വൈറസ് സംശയത്തെ തുടർന്ന് ആകെ 6,066 സ്വാബ് സാമ്പിളുകൾ പരിശോധിച്ചതായും അതിൽ 106 പേർക്ക് പകർച്ചവ്യാധി സ്ഥിരീകരിച്ചതായും പ്രസ്താവനയിൽ പറയുന്നു. ഇതിൽ 101 പേർ മുംബൈയിൽ നിന്നുള്ളവരും ബാക്കിയുള്ളവർ പൂനെ, താനെ, കോലാപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.
നിലവിൽ 52 രോഗികൾ നേരിയ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും, പരിഭ്രാന്തരാകേണ്ടതില്ലെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.