ചെന്നൈ: ശ്രീപെരുമ്പത്തൂരിലെ സാംസങ് നിർമാണപ്ലാന്റിലെ തെഴിലാളി സമരത്തിന് വിജയം. ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുനടത്തിയ സമരമാണ് തമിഴ്നാട് സർക്കാരിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലൂടെ വിജയം കണ്ടത്. തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനമായി. സാംസങ് ഇന്ത്യ ഇക്കാര്യം ഉറപ്പ് നൽകി തൊഴിലാളി യൂണിയനുമായി മൂന്ന് വർഷത്തെ ശമ്പള കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
ആദ്യ വർഷം 9,000 രൂപയും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ 4,500 രൂപയുമാണ് വർധിപ്പിക്കുക. തൊഴിൽ പരിചയം അനുസരിച്ച് ഇൻസെന്റീവും നൽകും. തമിഴ്നാട് തൊഴിൽ മന്ത്രി സി വി ഗണേശന്റെയും, വ്യവസായ മന്ത്രി ടി ആർ ബി രാജയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഒടുവിൽ സമരം അവസാനിക്കുന്നത്.
ഇൻഷുറൻസ് കവറേജ്, ലീവ് ആനുകൂല്യങ്ങളും വർധിപ്പിക്കും. ‘ഓപ്പറേറ്റർ’, ‘ടെക്‌നീഷ്യൻ’ തസ്തികയിൽ ആറ് വർഷത്തോളം സർവീസ് പരിചയമുള്ള തൊഴിലാളികൾക്ക് സ്ഥാനക്കയറ്റവും ഉണ്ടാകും. ഇത് കൂടാതെ ചില ജീവനക്കാർക്ക് നേരെയുണ്ടായ അച്ചടക്കനടപടിയും പിൻവലിക്കും. ഇതോടെ തമിഴ്നാട് കണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു തൊഴിലാളി സമരമാണ് ലക്ഷ്യം കണ്ടത്.