Kerala

തടവുകാരിയെ ഹോട്ടലില്‍ താമസിപ്പിച്ചു; എസ് ഐ സിനിമയിൽ അഭിനയിക്കാന്‍ പോയി! സ്ഥിരം പ്രശ്നകാരനായ പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ | Police

തിരുവനന്തപുരം: കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മ്യൂസിയം എസ്‌ഐ ഷെഫിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് അവധിയെടുത്തശേഷം എസ്‌ഐ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ എംബിബിഎസിനു പ്രവേശനം വാങ്ങിത്തരാമെന്നുപറഞ്ഞ് വഴുതക്കാട് സ്വദേശിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് എസ്‌ഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത്.

കേസിലെ മൂന്നാം പ്രതി അര്‍ച്ചനാ ഗൗതം മറ്റൊരു കേസില്‍ ഹരിദ്വാര്‍ ജയിലിലായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ തിരികെ ഹരിദ്വാര്‍ ജയിലിലേക്കു കൊണ്ടുപോകവെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം എസ്‌ഐ ഡല്‍ഹിയിലെ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയശേഷം എസ്‌ഐ മടങ്ങിയതായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

മടക്കയാത്രയ്ക്ക് പൊലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റ് ഒഴിവാക്കി വിമാനത്തിലാണ് ഷെഫിന്‍ വന്നത്. പക്ഷേ, ഈ വിവരം സ്റ്റേഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അവധിയെടുത്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഷെഫിനൊപ്പംപോയ വനിതാ സിപിഒ അടക്കം രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.