Kerala

രണ്ടാമത് കറി ചോദിച്ചിട്ട് നൽകിയില്ല! കട്ടപ്പനയിൽ ഹോട്ടലിൽ കൂട്ടത്തല്ല് | Kattappana

ഇടുക്കി: കട്ടപ്പനയില്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലില്‍ കൂട്ടത്തല്ല്. പുളിയന്‍മല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടലിന് സമീപത്തെ തുണിക്കടയില്‍ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശികളും ഹോട്ടല്‍ ജീവനക്കാരും തമ്മിലാണ് തര്‍ക്കമുണ്ടായത്.

കൂട്ടത്തല്ലില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും കഴിക്കാനെത്തിയവര്‍ക്കും പരിക്കേറ്റു. ഭക്ഷണം കഴിക്കാനെത്തിയ നാലു പേരും ഹോട്ടല്‍ ജീവനക്കാരായ നാലു പേരും ചികിത്സ തേടി. ഭക്ഷണം കഴിക്കുന്നതിനിടെ മ്ലാമല സ്വദേശികള്‍ രണ്ടാം തവണയും കറി ചോദിച്ചു. എന്നാല്‍ ഹോട്ടല്‍ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിതെന്നും പൊലീസ് പറയുന്നു.

ഹോട്ടല്‍ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. വാക്കേറ്റം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. തല്ലിനിടയിലെ ജഗ്ഗ് കൊണ്ടുള്ള ആക്രമണത്തിലാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ച ശേഷവും ഇരു കൂട്ടരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. കട്ടപ്പന പൊലീസെത്തിയതിന് പിന്നാലെയാണ് സ്ഥിതി ശാന്തമായത്.