ന്യൂഡല്‍ഹി: ദേശീയപാത നിർമാണത്തിലെ അപാകതയിൽ കുറ്റക്കാരനായ കരാറുകാരനെ ഡീ ബാർ ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി. ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടിയുണ്ടായേക്കുമെന്നും ഐഐടി സംഘം പ്രശ്നം പഠിക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഫലപ്രദമായ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകിയെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
അതേസമയം, കൂരിയാട് ദേശീയപാത തകർന്നത് ദേശീയപാത അതോറിറ്റിയെ കൊണ്ട് തന്നെ പരിഹരിപ്പിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും. ദേശീയപാതയുമായി ബന്ധപ്പെട്ട എല്‍ഡിഎഫിന്‍റെ അവകാശവാദം ന്യായമുള്ളതാണ്. പാതയുടെ സ്ഥലം ഏറ്റെടുപ്പിന് സംസ്ഥാനം ചിലവാക്കിയത് അയ്യായിരത്തിലേറെ കോടി രൂപയാണെന്നും മറ്റൊരു സംസ്ഥാനവും ഇത്ര തുക ചെലവാക്കുന്നില്ലെന്നും അബ്ദുറഹ്മാൻ പറഞ്ഞു.