കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ കണ്ണൂര്‍ ദേശീയപാത നിര്‍മാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് നിരവധി വീടുകളില്‍ വെളളം കയറിയ സംഭവത്തില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം. സ്ത്രീകളും കുട്ടികളും മഴയത്ത് കുട പിടിച്ച് നിന്നാണ് പ്രതിഷേധിക്കുന്നത്. ചെറിയൊരു മഴ പെയ്തപ്പോഴേക്കും വെളളവും ചെളിയും വീട്ടിലേക്ക് കുത്തിയൊലിച്ചെത്തി. ഞങ്ങള്‍ക്ക് വീട്ടിലേക്ക് പോകാന്‍ പേടിയാ. ഇതിനൊരു പരിഹാരം ഉണ്ടാക്കിയേ മതിയാകൂവെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
പ്രതിഷേധക്കാര്‍ പറയുന്നത് ഇങ്ങനെ
”ഈ പ്രദേശത്ത് നൂറോളം വീടുകളുണ്ട്. മഴ പെയ്തപ്പോള്‍ വീടുകളില്‍ എല്ലാം ചെളിയും മണ്ണും കൊണ്ട് നിറഞ്ഞു. വീടുകള്‍ എല്ലാം വാസയോഗ്യമല്ലാത്ത നിലയിലേക്കായി. ഞങ്ങളുടെ വീടുകളില്‍ മണ്ണു കൊണ്ട് നിറഞ്ഞു. ചില വീടുകളൊക്കെ നശിച്ചു തുടങ്ങി. ഞങ്ങള്‍ എന്ത് ഉറപ്പിലാണ് അവിടെ ഇനിയും താമസിക്കേണ്ടത്. ഇതിനാരു ശാശ്വത പരിഹാരം വേണം. കലക്ടറുടെ ഭാഗത്ത് നിന്ന് ഇതിനൊരു ഉറപ്പ് തരണം. ചര്‍ച്ച നടത്തുകയാണെന്ന് പറയുന്നു. ഞങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് വേണ്ടത്. ഞങ്ങള്‍ക്ക് വീട്ടിലേക്ക് പോകാന്‍ പേടിയാ. ഇവിടെ തന്നെ നില്‍ക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നുന്നു. ഞങ്ങളുടെ ജീവന്‍ തന്നെ ഭീഷണിയാണ്. കലക്ടര്‍ നേരിട്ട് ഇവിടെയെത്തി സ്ഥിതിഗതികള്‍ പരിശോധിക്കണം. ഇതിനൊരു ശാശ്വത പരിഹാരം ലഭിക്കാതെ ഞങ്ങള്‍ പിന്മാറുന്ന പ്രശ്‌നമില്ല”.
ദേശീയപാത നിര്‍മാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് നിരവധി വീടുകളില്‍ വെളളവും മണ്ണും കൊണ്ട് നിറഞ്ഞതോടെ ജനജീവിതം ദുരിതത്തിലായി. ഇന്നലെ വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു.
അതേസമയം കലക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ദേശീയപാത അധികൃതരുമായി കലക്ടര്‍ ഇന്ന് ചര്‍ച്ച നടത്തുമെന്നും തഹസില്‍ദാര്‍ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ വിഷയത്തില്‍ ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു.