പൊലീസ് സേനയിലേക്ക് മഹീന്ദ്രയുടെ ഥാർ റോക്സ് ഇതാ എത്തിക്കഴിഞ്ഞു. കേരളത്തിലേക്കല്ല അങ്ങ് നാഗാലാൻഡ് പൊലീസിലേക്കാണ് റോക്സിന്റെ വമ്പൻ വരവ്. ആദ്യമായാണ് രാജ്യത്തെ ഒരു പൊലീസ് സേനയുടെ ഭാഗമാകാൻ മഹീന്ദ്രയുടെ ഈ ലൈഫ് സ്റ്റൈൽ എസ് യു വിക്ക് സാധിക്കുന്നത്.
വെള്ള നിറത്തിലുള്ള റോക്സ്, സേനയിലേക്കെത്തുമ്പോൾ ചെറിയ മാറ്റങ്ങളുമുണ്ട്. നീല നിറത്തിലുള്ള ഇൻസേർട്ട്, പൊലീസ് ബാഡ്ജിങ്, ബീക്കൺ ലൈറ്റുകൾ എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ, ബോണറ്റിന്റെ രണ്ടു വശങ്ങളിലുമായി ഫ്ലാഗ് സ്റ്റമ്പുകളുമുണ്ട്. ഥാർ റോക്സിന്റെ ഉയർന്ന വേരിയന്റാണ് പൊലീസിലേക്ക് എത്തിയിരിക്കുന്നതെന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ സേനയുടെ സുരക്ഷാവിഭാഗത്തിലേക്കായിരിക്കും ഈ എസ് യു വി തിരഞ്ഞെടുത്തിരിക്കുന്നത് എന്നനുമാനിക്കാം. പ്രൊജക്ഷൻ ഹെഡ് ലാമ്പ്, അലോയ് വീലുകൾ, എൽ ഇ ഡി ഫോഗ് ലാമ്പ് തുടങ്ങിയ ഫീച്ചറുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ കാണാവുന്നതാണ്. ബ്രൗൺ നിറമാണ് ഇന്റീരിയറിനു എന്നാണ് സൂചന.
കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഥാർ റോക്സ് മഹീന്ദ്രയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ്. 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനാണ് ഥാർ റോക്സ് 4X4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്സ്പ്ലോറർ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രൻഷ്യൽ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് വില. റോക്സ് 4X2 മോഡലുകളിലേക്കു വരുമ്പോൾ 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം വരെയുണ്ട് വില.
മഹീന്ദ്രയുടെ 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനും എംസ്റ്റാലിയോൺ പെട്രോൾ എന്‍ജിനുമാണ് 4×2 മോഡലിൽ. ഡീസൽ എൻജിന് 128.6 കിലോവാട്ട് കരുത്തും 370 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും. ആറു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്.