പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി, തെലങ്കാന സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്രോട്ടോടൈപ്പിംഗ് കേന്ദ്രമായ ടി-വര്‍ക്ക്‌സുമായി ധാരണാപത്രം ഒപ്പു വച്ചു. ഈ ധാരണ പ്രകാരം നിര്‍മ്മാണ, എഞ്ചിനീയറിംഗ് മേഖലകളില്‍ ഉല്‍പ്പന്ന നവീകരണം ത്വരിതപ്പെടുത്തുന്നതിനു സഹായിക്കുന്ന സിസ്റ്റംസ് ഇന്റഗ്രേറ്ററായി യുഎസ് ടി പ്രവര്‍ത്തിക്കും. ടി-വര്‍ക്ക്‌സിനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്, പ്രത്യേകിച്ച് ഓട്ടോമോട്ടീവ് എഐ പ്ലാറ്റ്ഫോമുകള്‍, സെമികണ്ടക്ടര്‍ എടിഇ ഫ്രെയിംവര്‍ക്കുകള്‍, സ്മാര്‍ട്ട് ഫാക്ടറി ഇന്റഗ്രേഷന്‍ തുടങ്ങിയ മേഖലകളില്‍ വളര്‍ച്ച കൈവരിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുക. യുഎസ്ടിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ വച്ചാണ് ധാരണാപത്രം ഒപ്പു വച്ചത്.
ടി-വര്‍ക്ക്‌സിന്റെ പ്രോട്ടോടൈപ്പിംഗ് സംവിധാനങ്ങളെയും സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെയും യുഎസ്ടിയുടെ ഡിജിറ്റല്‍, എഐ, സിസ്റ്റംസ് സംയോജന ശേഷികളെയും ഒരുമിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ ഈ പങ്കാളിത്തം കൊണ്ട് സാധ്യമാകും. യുഎസ് ടിയുടെ ഐഒടി അധിഷ്ഠിത ഡിജിറ്റല്‍ പ്രോട്ടോടൈപ്പിംഗ് കഴിവുകളെ ടി-വര്‍ക്ക്‌സിന്റെ ഭൗതിക നിര്‍മ്മാണ ശക്തികളുമായി സംയോജിപ്പിക്കുന്നതിലൂടെ, ഓട്ടോമോട്ടീവ്, സെമികണ്ടക്ടര്‍, നിര്‍മ്മാണ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് 45 ശതമാനം വരെ വേഗതയേറിയ ഹാര്‍ഡ്വെയര്‍-ടു-ഡിജിറ്റല്‍ സംയോജനത്തില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
”സിസ്റ്റംസ് ഇന്റഗ്രേഷനില്‍ യുഎസ്ടിയുടെ വൈദഗ്ധ്യവും ടി-വര്‍ക്ക്‌സിന്റെ നൂതന പ്രോട്ടോടൈപ്പിംഗ് കഴിവുകളും ഒരുമിച്ച് കൊണ്ടുവരുന്ന പങ്കാളിത്തം ഉറപ്പിച്ച് ടി-വര്‍ക്ക്‌സുമായി ധാരണയിലെത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഭൗതിക നിര്‍മ്മാണ ശേഷികളും ഡിജിറ്റല്‍ സിമുലേഷന്‍ മോഡലുകളും സംയോജിപ്പിക്കുന്നതിലൂടെ ഞങ്ങള്‍ ശക്തമായ ഒരു ‘ഫിജിറ്റല്‍’ ഇന്നൊവേഷന്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കുകയാണ്. ഈ പങ്കാളിത്തം വേഗതയേറിയതും കൂടുതല്‍ ചെലവ് കുറഞ്ഞതുമായ ഉല്‍പ്പന്ന വികസനം സാധ്യമാക്കുമെന്നു മാത്രമല്ല, വിപണിക്ക് അനുയോജ്യമായി സ്റ്റാര്‍ട്ടപ്പുകളെയും സംരംഭങ്ങളെയും ശാക്തീകരിക്കാനും ഉപകരിക്കും,” യുഎസ്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.
”ഇന്ത്യയുടെ നിര്‍മ്മാണ, ഉല്‍പ്പന്ന വികസന ശേഷികള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പില്‍ യുഎസ്ടിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ യുഎസ്ടിയ്ക്കുള്ള വൈദഗ്ധ്യത്തെയും ഞങ്ങളുടെ നൂതന പ്രോട്ടോടൈപ്പിംഗ് സംവിധാനങ്ങളെയും സംയോജിപ്പിക്കുന്നതിലൂടെ, നിര്‍മ്മാണ, ഓട്ടോമോട്ടീവ് മേഖലയിലെ നവീകരണത്തിന് ഈ പങ്കാളിത്തം ഉത്തേജകമാകും” ടി-വര്‍ക്ക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോഗീന്ദര്‍ തനികെല്ല പറഞ്ഞു.
യുഎസ്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലക്‌സാണ്ടര്‍ വര്‍ഗീസിന്റെയും ടി-വര്‍ക്ക്‌സ് സിഇഒ ജോഗീന്ദര്‍ തനികെല്ലയുടെയും സാന്നിധ്യത്തില്‍ ഔപചാരികമായി ധാരണാപത്രം കൈമാറി. ടി-വര്‍ക്‌സില്‍ നിന്നും സഹജ് ആര്‍ സന്ധു, യു.എസ്.ടി. തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ മേനോന്‍, മറ്റ് യു എസ്ടി ഉദ്യോഗസ്ഥരായ ഭവേഷ് ശശിരാജന്‍, അശോക് ജി നായര്‍, ദീപ്തി സുജാത, റോഷ്നി ദാസ് കെ എന്നിവര്‍ ധാരണ പത്രം കൈമാറിയ ചടങ്ങില്‍ പങ്കെടുത്തു.