പഞ്ചായത്ത് രാജിനെ ദുര്‍ബലപ്പെടുത്താനാണ് പിണറായി സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം ഇടതുസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഫണ്ട് അനുവദിക്കുന്നില്ല. അശാസ്ത്രീയവും ഏകപക്ഷീയവുമായി വാര്‍ഡ് വിഭജനം നടപ്പാക്കുന്നു. ഭരണകക്ഷിയുടെ ഇംഗിതത്തിന് അനുസരിച്ചാണ് വാര്‍ഡ് വിഭജനം നടത്തിയത്. ചെരുപ്പിന് അനുസരിച്ച് കാലുമുറിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെത്. ഇതിനെതിരെ സമര്‍പ്പിച്ച പരാതികളില്‍ അന്വേഷണവും ഹിയറിങ്ങും പ്രഹസനമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ തദ്ദേശ വാര്‍ഡ് വിഭജനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും.
കേരളത്തിലെ പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ചൂണ്ടിക്കാട്ടി. നിര്‍മ്മാണത്തില്‍ ഇരിക്കുന്ന റോഡുകള്‍ തകരുമ്പോള്‍ എന്തു വിശ്വസിച്ചാണ് ജനം റോഡുകളിലൂടെ യാത്ര ചെയ്യുക. ആരോഗ്യമേഖയുടെ അവസ്ഥ ശോചനീയമാണ്. പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം തുറന്നു കാട്ടിയും ജനകീയ വിഷയം ഏറ്റെടുത്തും ശക്തമായ പോരാട്ടം നടത്തണം.വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയെ പരജയപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.
കെ.സുധാകരന്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എംപി, എപി അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു, എഐസിസി സെക്രട്ടറി വി.കെ.അറിവഴകന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാര്‍, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സങ്കേതന്‍ സംസ്ഥാന ചെയര്‍മാന്‍ എം.മുരളി, എന്‍.ശക്തന്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. സംസ്ഥാന വ്യാപകമായി വിവിധ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിലും രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധി അനുസ്മരണ സമ്മേളനം നടത്തുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും വിമുക്ത ഭടന്മാരെ ആദരിക്കുകയും ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ജംഗ്ഷനുകളില്‍ രാജീവ്ഗാന്ധിയുടെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും നടന്നു.