സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് മാലദ്വീപ്. ഹണിമൂൺ ആഘോഷിക്കാനും വെക്കേഷൻ ചെലവിടാനും പറ്റിയ സ്ഥലം. ഇപ്പോഴിതാ ബംഗളൂരു നിവാസികൾക്ക് മാലദ്വീപിലേക്ക് പോകാൻ സുവർണ്ണാവസരം, എങ്ങനെയെന്നല്ലെ ബെംഗളൂരുവിൽ നിന്ന് നേരിട്ട് മാലദ്വീപിലേക്ക് വിമാന സർവീസ് മേയ് 15 മുതൽ ആരംഭിച്ചു. അതും ആഴ്ചയിൽ രണ്ട് വിമാന സർവീസുകൾ.
മാലദ്വീപിലെ വടക്കൻ ഭാഗത്തുള്ള അതിമനോഹരമായ ദ്വീപുകളിലേക്ക് ആണ് ബെംഗളൂരുവിൽ നിന്നുള്ള സഞ്ചാരികൾ നേരിട്ടെത്തുക. മാലദ്വീപിന്റെ ദേശീയ എയർലൈൻ ആയ മാൽഡിവിയൻ ആണ് ബെംഗളൂരുവിൽ നിന്ന് ഹനിമാധൂവിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത്. വിനോദസഞ്ചാരികൾക്കു മാത്രമല്ല മാലദ്വീപിലേക്ക് ഒരു ഹണിമൂൺ ട്രിപ്പ് ആഗ്രഹിക്കുന്നവർക്കും സോളോ ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നവർക്കും എല്ലാം എളുപ്പത്തിൽ മാലദ്വീപ് വരെ പോയിട്ട് വരാം.
മാലദ്വീപിന്റെ വടക്കൻ ഭാഗം പ്രധാനമായും ശാന്തമായ തടാകങ്ങളാലും പ്രാദേശികമായ മനോഹര ദ്വീപുകളാലും ഡൈവിങ് ഹോട്ട് സ്പോട്ടുകളാലും സഞ്ചാരികളെ ആകർഷിക്കുന്നു. ഹാ ദാലു അറ്റോളിൽ സ്ഥിതി ചെയ്യുന്ന ഹനിമാധു രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ ദ്വീപുകളിൽ ഒന്നാണ്. ദ്വീപ സമൂഹത്തിൽ ശാന്തമായ ഒരു യാത്രയും കമ്യൂണിറ്റി അധിഷ്ഠിത വിനോദസഞ്ചാരം ആഗ്രഹിക്കുന്നവർക്കും ഈ പ്രദേശം അനുയോജ്യമാണ്.
മാലദ്വീപിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് തുടങ്ങി നിരവധി വഴികളിലൂടെ ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ആഴ്ചയിൽ രണ്ട് വിമാന സർവീസുകൾ ആയിരിക്കും ഈ റൂട്ടിൽ മാലദ്വീപ് നടത്തുക. എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും ആയിരിക്കും ബെംഗളൂരുവിൽ നിന്ന് മാലദ്വീപിലേക്കുള്ള വിമാനം പുറപ്പെടുക. വിനോദ, ബിസിനസ് യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഇത്തരത്തിൽ യാത്രകൾ പ്ലാൻ ചെയ്തിരിക്കുന്നത്. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിമാന സർവീസ്.