തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേരളത്തിലെ വ്യാപാരികളോട് നീതിപൂര്‍വമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് പറഞ്ഞു. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യാപാരി വിരുദ്ധ ഇടപെടലുകള്‍ ആണ് നടത്തുന്നത്. നിയമപരമായി കച്ചവടം ചെയ്യുന്ന വ്യാപാരികളോട് ചിറ്റമ്മ നയവും തെരുവ് കച്ചവടക്കാരോട് പെറ്റമ്മ നയവും ആണ് അവര്‍ എടുക്കുന്നത്. കച്ചവട സ്ഥാപനങ്ങള്‍ പൂട്ടി തെരുവിലേക്കിറങ്ങി കച്ചവടം ചെയ്യുന്നതാണ് ഉചിതമെന്ന ചിന്താഗതിയിലേക്ക് വ്യാപാരികളെ നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നിയമമനുശാസിച്ച് വ്യാപാരം ചെയ്യുന്നവര്‍ക്ക് ലൈസന്‍സ് എടുക്കുക്കുവാന്‍ ഭാരിച്ച നിബന്ധനകളുടെ പട്ടികയും തെരുവ് കയ്യേറി കച്ചവടം ചെയ്യുന്ന തെരുവ് കച്ചവട മാഫിയകള്‍ക്ക് ആനുകൂല്യങ്ങളുടെ പെരുമഴയും സമ്മാനിക്കുന്ന നയമാണ് ഇവിടെ നടപ്പിലാക്കുന്നത്. തെരുവ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ 90 ശതമാനവും വന്‍കിട മാഫിയകളുടെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ ആണ് എന്നത് ബോധ്യപ്പെട്ടിട്ടും തദ്ദേശ ഭരണകൂടങ്ങള്‍ മൗനം പാലിക്കുന്നതില്‍ നിഗൂഡതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത് വരികയാണെന്നത് മറന്നുപോകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേശവദാസപുരം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീ. അസീം മുഈനി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജെ. മാടസ്വാമി പിള്ള എം. ഫസലുദ്ദീന്‍ അഡ്വക്കേറ്റ് സതീഷ് വസന്ത്, എം. ജി. ശിവപ്രസാദ്, ഡി. വിദ്യാധരന്‍, ബെന്നി കൊച്ചേരിയില്‍, ജെ. ഷഫീര്‍ മൗലവി, പ്രദീപ് മാത്യു, വിതുര റഷീദ്, ഫാരിഷ് ഖാന്‍, ജെ. റജാസ്, ജി. എം. പിള്ള, ബി. ശ്യാംകുമാര്‍, എസ് ഷഹാബുദ്ദീന്‍ തുടങ്ങിവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി കെ ഹരിദാസ് (പ്രസിഡന്റ്) ജെ. ഷഫീര്‍ മൗലവി (ജനറല്‍ സെക്രട്ടറി) ജി. ബിച്ചു (ട്രഷറര്‍),
ജേക്കബ് കെ. തരകന്‍ (വൈസ് പ്രസിഡന്റ്) , കെ. എച്. ജയന്‍ (സെക്രട്ടറി) എന്നിവരടങ്ങുന്ന ഭരണ സമിതിയെ തെരഞ്ഞെടുത്തു.