കൊച്ചി: ഇന്ത്യാ ഗവൺമെന്‍റിന്‍റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോർഡ് സ്പൈസ്ഡ് (SPICED- സസ്റ്റെയിനബിലിറ്റി ഇൻ സ്പൈസ് സെക്റ്റർ ത്രൂ പ്രോഗ്രസിവ്, ഇന്നൊവറ്റീവ് ആൻഡ് കോളബറേറ്റീവ് ഇന്റർവെൻഷൻസ് ഫോർ എക്സ്പോർട്ട് ഡെവലപ്മെൻറ്) പദ്ധതിയുടെ ഭാഗമായി 2025–26 സാമ്പത്തിക വര്‍ഷത്തില്‍ നൽകുന്ന ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കൽ, മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഉൽപാദനം, കർഷകരുടെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഗുണഭോക്താവാകാൻ അപേക്ഷകൾ 2025 മേയ് 26 മുതൽ ഓൺലൈനായി സമർപ്പിക്കാം. സുഗന്ധവ്യഞ്ജന കയറ്റുമതിക്കാർക്കുള്ള വിവിധ പദ്ധതികള്‍ക്ക് കീഴില്‍ ധനസഹായത്തിന് വേണ്ടിയുള്ള അപേക്ഷ 2025 ജൂൺ 30 വരെ ഓൺലൈനായി സമർപ്പിക്കാം. കർഷകർക്കും കര്‍ഷക ഉല്‍പാദക സംഘടനകള്‍ക്കും (എഫ്‌പിഒ) വേണ്ടിയുള്ള വിഭാഗങ്ങളിലെ അപേക്ഷകൾ 2025 സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. താൽപ്പര്യമുള്ളവർക്ക് www.indianspices.com സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാം.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ (2025-26 സാമ്പത്തിക വർഷം വരെ) നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ അംഗീകരിച്ച സ്പൈസ്ഡ് പദ്ധതി, ഏലത്തിന്‍റെയും പേരേലത്തിന്‍റെയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, സുഗന്ധവ്യഞ്ജനങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള സംസ്‌കരണ പ്രവർത്തനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുക, മൂല്യവർദ്ധിത സുഗന്ധവ്യഞ്ജനങ്ങള്‍, ഭൗമസൂചിക പദവി നേടിയ സുഗന്ധവ്യഞ്ജനങ്ങള്‍ (Geographical Indication), ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉത്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര പദ്ധതിയാണ്. കർഷകർ, സംസ്കരണ തൊഴിലാളികൾ, വിൽപ്പനക്കാർ തുടങ്ങി ഉൽപ്പന്ന വിതരണ ശൃംഖലയുടെ വിവിധ ഘട്ടങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ശേഷി മെച്ചപ്പെടുത്തി ( capacity building and skill development) ആഗോള ഭക്ഷ്യ സുരക്ഷ- ഫൈറ്റോസാനിറ്ററി മാനദണ്ഡങ്ങൾ (സസ്യങ്ങളുടെ രോഗങ്ങൾ, കീടങ്ങൾ എന്നിവയുടെ വ്യാപനം തടയുന്നതിനുള്ള ചട്ടങ്ങളുo നടപടികളും) പാലിക്കാൻ സഹായിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
ഏലത്തിന്‍റെ ആവര്‍ത്തന കൃഷി, ജലസ്രോതസ്സുകളുടെ വികസനം, സൂക്ഷ്മ ജലസേചനം, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, നല്ല കാർഷിക രീതികൾ (ജിഎപി) അവലംബിക്കല്‍ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഈ പദ്ധതിയുടെ കീഴില്‍ സഹായം നല്‍കുന്നുണ്ട്. കൂടാതെ, മികച്ച ഉൽപ്പന്ന ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിളവെടുപ്പിനു ശേഷമുള്ള സംസ്ക്കരണ പ്രക്രിയകൾക്ക് ആവശ്യമായ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും ആധുനിക ഡ്രയറുകൾ, സ്ലൈസറുകൾ, ഡീഹള്ളറുകൾ, ഗ്രേഡിംഗ് മെഷീനുകൾ എന്നിവ പോലുള്ള സംസ്ക്കരണ യന്ത്രങ്ങള്‍ വാങ്ങുന്നതിനും ഈ പദ്ധതിക്ക് കീഴില്‍ സഹായം നല്‍കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ അഭാവങ്ങൾ പരിഹരിക്കുന്നതിന് പദ്ധതിയുടെ ഭാഗമായ “മിഷൻ ക്ലീൻ ആൻഡ് സേഫ് സ്പൈസസ്” എന്ന ഉദ്യമം ഭക്ഷ്യ സുരക്ഷ സർട്ടിഫിക്കറ്റുകളും ഗുണനിലവാര സർട്ടിഫിക്കറ്റുകളും നേടാന്‍ സാമ്പത്തിക സഹായം നല്‍കുന്നു.
കർഷകര്‍ക്കും കര്‍ഷക ഉല്‍പാദക സംഘടനകള്‍ക്കും സ്‌പൈസ് പോളിഷേഴ്സ് (Spice Polishers), ടർമെറിക് ബോയിലേഴ്സ് (Turmeric Boilers), മിന്റ് ഡിസ്റ്റില്ലേഷൻ യൂണിറ്റ്സ് (Mint Distillation Units) മെതിയന്ത്രങ്ങള്‍ (Threshing Machines) തുടങ്ങിയവ വാങ്ങുന്നതിനും സ്‌പൈസ്ഡ് പദ്ധതിയുടെ കീഴില്‍ സാമ്പത്തിക സഹായം നൽകുന്നു. ഫാമിൽ കമ്പോസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കൽ, ജൈവ സർട്ടിഫിക്കേഷൻ കരസ്ഥമാക്കൽ, വടക്കുകിഴക്കൻ മേഖലയിലെ ഭൗമസൂചിക പദവി നേടിയ സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പാദനം എന്നിവയ്ക്കും ഈ പദ്ധതി സഹായം നൽകുന്നു. കൂടാതെ സ്‌പൈസ് ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കാൻ സഹായിക്കുകയും, അതുവഴി സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്റ്റാർട്ടപ്പുകൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) വിപണി പ്രവേശനവും ബ്രാൻഡിംഗും വർദ്ധിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനും പ്രചാരണത്തിനും, അന്താരാഷ്ട്ര വ്യാപാര മേളകൾ, വിപണനവുമായി ബന്ധപ്പെട്ട സെമിനാറുകള്‍, ശില്‍പ്പശാലകള്‍ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിന് പദ്ധതി സഹായം നൽകുന്നു. സ്പൈസ്ഡ് പദ്ധതിക്ക് കീഴില്‍ ആദ്യമായി കയറ്റുമതി ചെയ്യുന്നവരെയും ചെറുകിട ബിസിനസുകളെയും പിന്തുണയ്ക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുകയും, അതുവഴി ആഗോള വിപണികളിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങളും പ്രദർശിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിവിധ പരിശീലന, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകരുടെയും കയറ്റുമതിക്കാരുടെയും ശേഷി വർദ്ധിപ്പിക്കുന്നതിനും, സുഗന്ധവ്യഞ്ജന കർഷകരെയും, സ്വയം സഹായ സംഘങ്ങളെയും, കർഷക ഉൽപാദക സംഘടനകളെയും ഏറ്റവും പുതിയ സാങ്കേതിക പരിജ്ഞാനം, മികച്ച ഉല്‍പാദന സംസ്ക്കരണ രീതികൾ, മാര്‍ക്കറ്റ് ലിങ്കേജ് എന്നിവ ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനും സ്പൈസ്ഡ് പദ്ധതി ലക്ഷ്യമിടുന്നു.
പുതിയ മൂല്യവര്‍ദ്ധന ഉല്‍പന്നങ്ങളുടെ വികസനം, ഗുണനിലവാര വർദ്ധനവ്, സമഗ്ര വികസനം എന്നിവയിലൂടെ ആഗോള വിപണിയിൽ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ മതിപ്പ് ഉയർത്തുന്നതിനുള്ള സ്‌പൈസസ് ബോർഡിന്റെ പ്രതിബദ്ധതയാണ് സ്‌പൈസ്ഡ് പദ്ധതി പ്രതിഫലിപ്പിക്കുന്നത്. അപേക്ഷാ സമര്‍പ്പിക്കുന്നതിനും അംഗീകൃത പദ്ധതികൾ നടപ്പിലാക്കുന്നതിലും ബോർഡിന്റെ റീജണല്‍, ഡിവിഷണൽ, ഫീൽഡ് ഓഫീസുകൾ ആവശ്യമായ പിന്തുണ നൽകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.indianspices.com സന്ദർശിക്കുകയോ അടുത്തുള്ള സ്‌പൈസസ് ബോർഡ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.