ന്യൂഡൽഹി: ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ വീണ്ടും ഇന്ത്യ പുറത്താക്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. പാക്കിസ്ഥാൻ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ആരും അവരുടെ പദവികൾ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കർശനമായി ഉറപ്പാക്കാൻ പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയും പദവിക്ക് നിരക്കാത്ത പെരുമാറ്റം ആരോപിച്ച് മറ്റൊരു പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. അന്നും ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് യുട്യൂബർ ജ്യോതി മൽഹോത്രയെയും മറ്റ് നിരവധി പേരെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ആയിരുന്നു അന്നത്തെ പുറത്താക്കൽ. ജ്യോതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് വീണ്ടും ഇന്ത്യയുടെ നടപടി. പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരുമായി ജ്യോതിക്ക് ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.