ആലപ്പുഴ: യൂടൂബർ ഗ്രീൻഹൗസ് രോഹിത്തിനെതിരെ അനിയത്തിയുടെ പരാതിയിൽ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. സ്വർണാഭരണങ്ങൾ നൽകാത്തതിന് സഹോദരിയെ ദേഹോപദ്രവം ഏല്പിച്ചുവെന്ന പരാതിയിൽ ആണ് കുതിരപ്പന്തി പുത്തൻവീട്ടിൽ ഗ്രീൻഹൗസ് രോഹിത്തിനെതിരെ (27) കേസെടുത്തത്.
കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. പ്രതിയും കുടുംബവും പണയത്തിന് താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടിൽ വച്ച് ആഭരണം വിൽക്കുന്നതിനെ പറ്റി തർക്കമുണ്ടാവുകയും പ്രതി സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തിൽ ഞെക്കി പിടിക്കുകയും തലമുടികുത്തിന് പിടിച്ച് വലിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
തുടർന്ന് പ്രതി അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രതിയുടെ യുട്യൂബ് ചാനൽ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.