ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കുന്ന കേന്ദ്ര പ്രതിനിധി സംഘം യു.എ.ഇയിലെത്തി. അബുദാബിയിലെത്തിയ സംഘം യുഎഇ സഹിഷ്ണുതാകാര്യമന്ത്രിയുൾപ്പെടെയുളളവരുമായി കൂടിക്കാഴ്ച നടത്തും. രണ്ടു ദിവസമാണ് സംഘം യുഎഇയിലുണ്ടാവുക.
ശിവസേന എം.പി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ നയിക്കുന്ന സംഘത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, ബാൻസുരി സ്വരാജ് എം.പി, അതുൽ ഗാർഗ് എം.പി, സാംസിത് പാത്ര എം.പി, മനൻകുമാർ മിശ്ര എം.പി, മുൻ പാർലമെന്റ് അംഗം എസ്.എസ് അഹ്ലുവാലിയ, മുൻ അംബാസിഡർ സുജൻ ചിനോയ് ഉൾപ്പെടെ 8 പേരാണുളളത്. അബുദാബിയിലെത്തിയ സംഘം യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ മബാറക് അൽ നഹ്യാൻ, പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി, ചെയർമാൻ. ഡോ. അലി റാഷിദ് അൽ നുഐമി, നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കാബി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
വെളളിയാഴ്ച അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡയറക്ടർ ജനറൽ നിക്കോളായ് മ്ലാഡെനോവിനെയും സംഘം സന്ദർശിക്കും. ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും നടപടികളും സംഘം വിശദീകരിക്കും.യു.എ.ഇ സന്ദർശനശേഷം ഇതേ സംഘം ലൈബീരിയ, കോംഗോ, സിയോറ ലിയോൺ എന്നീ ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിക്കും.