Kerala

കൊടുവള്ളിയിൽ യുവാവിനെ തട്ടി കൊണ്ടു പോയ സംഭവം: രണ്ട് പേർ കൂടി അറസ്റ്റിൽ; തട്ടിക്കൊണ്ടുപോയത് മൈസൂര്‍ ഭാഗത്തേയ്‌ക്കെന്ന് സൂചന

കോഴിക്കോട്: കൊടുവള്ളിയിൽ അനൂസ് റോഷനെന്ന യുവാവിനെ തട്ടി കൊണ്ടു പോയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ സംഘത്തിന് സഹായം നൽകിയ രണ്ട് പേരാണ് പിടിയിലായത്. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ്‌ റിസ് വാൻ (22) അനസ് (24) എന്നിവരാണ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കിഴക്കോത്ത് പരപ്പാറ സ്വദേശി കല്ലില്‍ മുഹമ്മദ് ഷാഫിയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

അതേസമയം അനൂസ് റോഷനെ മൈസൂര്‍ ഭാഗത്തേയ്ക്ക് കൊണ്ടുപോയതായാണ് സൂചന. യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം കര്‍ണാടകയിലേക്ക് തിരിച്ചതായും വിവരമുണ്ട്. പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നീ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയാണ്.

വിദേശത്തുള്ള സഹോദരന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് അനൂസിനെ തട്ടിക്കൊണ്ടുപോയത്.