ആലുവ: എറണാകുളം മൂഴിക്കുളത്ത് അമ്മ കൊലപ്പെടുത്തിയ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് അടുത്ത ബന്ധു സമ്മതിച്ചു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിരന്തരമായി നടത്തിയ ചോദ്യം ചെയ്യലാണ് പ്രതിയെ കുടുക്കിയത്. ചൊവ്വാഴ്ച വൈകീട്ട് പ്രതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ വീണ്ടും വിളിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പോലീസ് പ്രതിയെ ചോദ്യം ചെയ്തത്. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോക്സോ കൂടി ചുമത്തിയതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഫോറൻസിക് ഉദ്യോഗസ്ഥരെയും ടീമിൽ ഉൾപെടുത്തും. കുട്ടിയുടെ അമ്മയെ പോലീസ് വിശദമായ ചോദ്യം ചെയ്യും. അമ്മയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.