കഴിഞ്ഞ ദിവസങ്ങളിലെ മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. 13 വിമാന സർവീസുകൾക്കാണ് മാറ്റം. കുറച്ച് ദിവസമായി തലസ്ഥാനത്ത് കനത്ത മഴയാണ്.
12 വിമാനങ്ങൾ ജയ്‌പൂരിലേക്കും ഒരു അന്താരാഷ്ട്ര വിമാനം മുംബൈയിലേക്കും ആണ് വഴിതിരിച്ചുവിട്ടത്. ദേശീയ തലസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയും ഇടിമിന്നലും വിമാന പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്ന് ഡൽഹി വിമാനത്താവള ഓപ്പറേറ്ററായ ഡിഐഎഎൽ പറഞ്ഞു. ‘ഡൽഹി, ചണ്ഡീഗഡ്, കൊൽക്കത്ത എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന കനത്ത മഴയും ഇടിമിന്നലും നിലവിൽ ഞങ്ങളുടെ വിമാന ഷെഡ്യൂളുകളെ ബാധിച്ചിരിക്കുന്നു,’ -ഇൻഡിഗോ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
മഴയും ഇടിമിന്നലും ഇന്ന് വൈകുന്നേരം ഡൽഹിയിലേക്കും, തിരിച്ചുമുള്ള വിമാന യാത്രകളെ തടസപ്പെടുത്തിയേക്കുമെന്ന് എയർ ഇന്ത്യ എക്‌സ് പോസ്റ്റിൽ പറഞ്ഞു. “കനത്ത മഴയും കാറ്റും വിമാന ഷെഡ്യൂളുകളെയും വിമാന താവളത്തിലേക്കുള്ള യാത്രകളെയും ബാധിച്ചേക്കാം. കൂടാതെ കനത്ത മഴ ഗതാഗതം തടസപ്പെടുത്തിയേക്കും”. സ്‌പ്പൈസ് ജെറ്റ് ഒരു എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു. സുഗമവും കാര്യക്ഷമവുമായ യാത്ര അനുഭവം ഉറപ്പാക്കാൻ തങ്ങളുടെ ഓൺ ഗ്രൗണ്ട് ടീമുകൾ ഒപ്പമുണ്ടാകുമെന്നും സ്‌പ്പൈസ് ജെറ്റ് കൂട്ടിച്ചേർത്തു.