തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ കസ്റ്റഡിയിലെടുത്ത അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. നിരന്തരമായി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് പ്രതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ വീണ്ടും വിളിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പോലീസ് പ്രതിയെ ചോദ്യം ചെയ്തത്.
കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനെ തുടർന്നാണ് അടുത്ത ബന്ധുവിലേക്കുള്ള പൊലീസിന്റെ അന്വേഷണം ആരംഭിച്ചത്. ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.
ഭര്‍ത്താവും വീട്ടുകാരും കുട്ടിയെ കൂടുതല്‍ സ്‌നേഹിച്ചതിനാല്‍ അവരുടെ കണ്ണീര് കാണാനാണ് മകളെ കൊന്നതെന്നാണ് അമ്മ സന്ധ്യ പൊലീസിനോട് പറഞ്ഞിരുന്നത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സന്ധ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയില്‍ ഹാജരാക്കിയത്. നിലവില്‍ കാക്കനാട് വനിതാ സബ് ജയിലിലാണ് സന്ധ്യയുള്ളത്.