ചക്ക സീസൺ ആയതുകൊണ്ട് തന്നെ ചക്ക കിട്ടാൻ ബുദ്ധിമുട്ട് ഒന്നും ഉണ്ടാകില്ല. വൈകുന്നേരം ചായക്ക് ഒരു കിടിലൻ കൊഴുക്കട്ട ഉണ്ടാക്കിയാലോ? രുചികരമായ ചക്ക കൊഴുക്കട്ടയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചക്കപ്പഴം – 1 കപ്പ്
- ഗോതമ്പുപൊടി – 1/2 കപ്പ് + 2 ടേബിൾസ്പൂൺ
- ശർക്കര – 1/4 – 1/3 കപ്പ്
- വെള്ളം – ആവശ്യത്തിന്
- നാളികേരം – 3/4 കപ്പ്
- ഏലക്കപ്പൊടി – 1/4 ടീസ്പൂൺ
- നെയ്യ് – 1/2 ടീസപൂൺ
- ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചക്ക ഗ്രൈൻഡറിൽ അരച്ചെടുക്കുക. അതിൽ ഉപ്പും ഗോതമ്പുമാവും ചേർത്ത് കുഴച്ചെടുക്കുക. ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ചേർത്ത് പാനിയാക്കുക അത് തിളയ്ക്കുമ്പോൾ ഏലക്കാപൊടിയും ഉപ്പും തേങ്ങാപ്പീരയും ചേർത്ത് യോജിപ്പിച്ചു വെള്ളംതോർത്തിയെടുക്കുക. കൈയിൽ എണ്ണതടവി ചെറിയ ഗോതമ്പുബോൾസ് എടുത്തു കൈകൊണ്ടു പരത്തി തേങ്ങാപ്പീര ഉള്ളിൽവച്ച്, ഉരുട്ടി ആവിയിൽ 9-10 മിനിട്ട് വേവിച്ചെടുക്കുക.