Business

ജിയോജിത് 2024-25 വരുമാനം 750 കോടി രൂപ; അറ്റാദായം 172കോടി രൂപ

കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 750 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ 624 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ദ്ധന മൊത്തം വരുമാനത്തില്‍ രേഖപ്പെടുത്തി.

നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 198 കോടിയില്‍ നിന്നും 15 ശതമാനം വര്‍ദ്ധിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 228 കോടിരൂപയായി. അറ്റാദായം 149 കോടി രൂപ ആയിരുന്നത് 15ശതമാനം ഉയര്‍ന്ന് 172 കോടി രൂപയായി.
2024-25 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ മൊത്തം വരുമാനം 177 കോടി രൂപയാണ്. മുന്‍ വര്‍ഷം 208 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. നികുതിക്ക് മുന്‍പുള്ള ലാഭം 41 കോടി രൂപരേഖപ്പെടുത്തി. അറ്റാദായം 32 കോടി രൂപ.

ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.50 രൂപ (150%) എന്ന നിരക്കില്‍ 2024-25 വര്‍ഷത്തെ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

യുഎഇയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സമ്പന്നരും അതിസമ്പന്നരുമായ വിഭാഗത്തില്‍പ്പെടുന്നരുടെ വര്‍ധിച്ചുവരുന്ന നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ ഒരു പുതിയസ്ഥാപനം ആരംഭിക്കുന്നതിന് ജിയോജിത് പ്രൈവറ്റ്‌വെല്‍ത്ത് ലിമിറ്റഡിന് ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നും തത്വത്തില്‍ അംഗീകാരം ലഭിച്ചുവെന്നും കമ്പനി അറിയിച്ചു.

ജിയോജിത്തിന് നിലവില്‍15 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 2025മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 1,00,065 കോടി രൂപയാണ്.