World

ഇന്ത്യൻ ഹൈക്കമ്മിഷൻ ജീവനക്കാരനെ പുറത്താക്കി പാകിസ്ഥാൻ

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര പോര് മുറുകുകയാണ്.ഹൈക്കമ്മിഷനിലെ അച്ചടക്ക നടപടികള്‍ ലംഘിച്ച നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇരു രാജ്യങ്ങളും. ചാരവൃത്തിയില്‍ ഏര്‍പ്പെട്ട പാകിസ്ഥാന്‍ ഹൈക്കമ്മിഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ ഇന്ത്യ ഇന്നലെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് പാകിസ്ഥാനും ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ജീവനക്കാരനെ പുറത്താക്കിയത്.

ഒരാഴ്‌ചക്കുള്ളില്‍ നടക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ പുറത്താക്കലാണ് ഇന്നലെ നടന്നത്. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ ജീവനക്കാരനെ പേഴ്‌സണ നോൺ ഗ്രാറ്റ (ആതിഥേയ രാജ്യം വിദേശ നയതന്ത്രജ്ഞനെ മാതൃരാജ്യത്തേക്ക് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന നടപടി) ഇന്ത്യ പ്രഖ്യപിച്ചു. പിന്നാലെ ഇന്ത്യ വിടാന്‍ അദ്ദേഹത്തിന് 24 മണിക്കൂര്‍ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മെയ് 13 ന് ചാരവൃത്തി ആരോപിച്ച് ഇന്ത്യ മറ്റൊരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു.

 

തുടര്‍ന്ന് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പാകിസ്ഥാന്‍ പുറത്താക്കി. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഇസ്ലമാബാദിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥനെതിരെ പാകിസ്ഥാന്‍ സര്‍ക്കാര്‍ പേഴ്‌സണ നോൺ ഗ്രാറ്റ പ്രഖ്യപിച്ചു. 26 പേരുടെ ജീവന്‍ കവര്‍ന്ന പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനുമുള്ള സംഘര്‍ഷങ്ങള്‍ ക്രമേണ രൂക്ഷമായിരുന്നു. തുടര്‍ന്ന് മെയ് 8,9,10 തീയതികളില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.

പാകിസ്ഥാൻ്റെ നടപടികള്‍ക്ക് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കി. മെയ് 10 ന് ഇരു വിഭാഗത്തിൻ്റെയും സൈനിക ഡയറക്‌ടര്‍മാര്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇരുരാജ്യങ്ങളും സൈനിക നടപടികള്‍ നിര്‍ത്തിവച്ചു.