Tech

ഇൻസ്റ്റഗ്രാം വോയിസ് മെസേജ് ഇനി മലയാളത്തിലും വായിക്കാം, എങ്ങനെയെന്നറിയാം…

പൊതുസ്ഥലങ്ങളിലോ ജോലി ചെയ്യാൻ ഇരിക്കുമ്പോഴോ നാം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് നമുക്ക് വന്ന വോയിസ് മെസേജ് കേൾക്കുക എന്നത്. ഹെഡ്‌സെറ്റ് കൈയിൽ ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ട.

പലപ്പോഴും തികച്ചും വ്യക്തിപരമായ കാര്യങ്ങളോ രഹസ്യങ്ങളോ ഒക്കെയായിരിക്കും വോയിസ് മെസേജ് ആയി എത്തിയിട്ടുണ്ടാവുക. ഇനി മെസേജ് അയച്ച ആൾക്ക് തിരികെ മറുപടി നൽകണമെങ്കിൽ നമുക്ക് അയച്ച സന്ദേശം എന്താണെന്ന് അറിയുകയും വേണം.

ഇത്തരം സന്ദർഭത്തിലാണ് കഴിഞ്ഞ വർഷം പുതിയ അപ്‌ഡേറ്റുമായി ഇൻസ്റ്റഗ്രാം എത്തിയത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കായി വോയ്സ് സന്ദേശങ്ങളെ നേരിട്ട് ടെക്സ്റ്റിലേക്ക് മാറ്റുന്ന അപ്‌ഡേറ്റ് ആയിരുന്നു ഇത്.

എന്നാൽ തുടക്കത്തിൽ ഇംഗ്ലീഷ് അടക്കം നാല് ഭാഷകളിൽ മാത്രമായിരുന്ന ഈ സേവനം ഇപ്പോൾ മലയാളത്തിലും ലഭിക്കും. നേരത്തെ ഇംഗ്ലീഷ്, പോർച്ചുഗീസ്, സ്പാനിഷ്, റഷ്യൻ ഭാഷകളിൽ മാത്രം ലഭിച്ചിരുന്ന ഈ സേവനമാണ് ഇപ്പോൾ മലയാളം അടക്കമുള്ള ഭാഷകളിൽ ലഭിക്കുക.

ഇത്തരത്തിൽ ട്രാൻസ്‌ക്രിപ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾ മറ്റാർക്കും ആക്‌സസ് ചെയ്യാൻ പറ്റില്ലെന്നാണ് മെറ്റ പറയുന്നത്. ഇൻസ്റ്റഗ്രാം സെറ്റിങിൽ വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് ഓൺ ചെയ്താൽ ഈ സേവനം ഉപയോഗിക്കാൻ സാധിക്കും.

നേരത്തെ വാട്‌സ്ആപ്പിലും ഈ സേവനം തുടങ്ങിയിരുന്നു. നിലവിൽ ഇൻസ്റ്റഗ്രാമിൽ ഉള്ള വോയിസ് ട്രാൻസ്‌ക്രിപ്റ്റിൽ ഓരേസമയം ഇംഗ്ലീഷും മലയാളവും ട്രാൻസ്‌ക്രിപ്റ്റ് ചെയ്യാൻ സാധിക്കും.