നമ്പര്‍ വണ്‍ കേരളത്തിലാണ് പെണ്‍കുഞ്ഞുങ്ങളുടെ ശവപ്പറമ്പിന്റെ നീളം കൂടുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് ഞെട്ടല്‍ വിട്ടുമാറാത്തത്. രാത്രിയും പകലും ഒരുപോലെയാണ് പീഡകര്‍ക്ക്. സ്വന്തം വീടിനുള്ളില്‍പ്പോലും സുരക്ഷിതമല്ലാതാകുന്ന പെണ്‍കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തിയെടുക്കുമെന്നത് വലിയൊരു സമസ്യയായി മാറിയിരിക്കുകയാണ് കേരളത്തില്‍. ഓരോ കേസുകളും ഒടുവിലത്തേതെന്ന് ആശ്വസിച്ച്, കൂടുതല്‍ കരുതലോടെ മുന്നോട്ടു പോകുന്നിടത്തു തന്നെ വീണ്ടും പീഡനങ്ങള്‍ നടക്കുന്നു. അത് കൊലപാതകത്തിലോ, ആത്മഹത്യയിലോ എത്തപ്പെടുമ്പോഴാണ് പീഡന വിവരം പുറംലോകമറിയുന്നത്.
അതുവരെയും പീഡകര്‍ അതീവ സുരക്ഷിതര്‍. നോക്കൂ, വാളയാറും, വണ്ടിപ്പെരിയാറിലും, ആലുവയിലും സംഭവിച്ചത് ഇതല്ലേ. എല്ലാം കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ചു. അതിനു മുമ്പേ കുഞ്ഞുങ്ങളെ മാരകമായി പീഡനത്തിന് ഇരയാക്കിയിരിക്കുന്നു എന്നതാണ് കണ്ടെത്തലുകള്‍. അതും നിരന്തരം. ഓരോ സംഭവത്തിനു ശേഷവും കേരള മനസാക്ഷി ഉണരും. പ്രതികരിക്കും. പിന്നെ നല്ല ഉറക്കത്തിലുമാകും. അടുത്ത കുഞ്ഞിന്റെ മരണത്തിലായിരിക്കും വീണ്ടും ഉണരുക. എന്നിട്ട്, വീണ്ടും പ്രതികരിക്കും. ഇതു മാത്രമാണ് നടക്കുന്നത്. ഇപ്പോള്‍ തിരുവാണിയൂരില്‍ കല്യാണിയുടെ മരണത്തിനു പിന്നിലും ചുരുള്‍ നിവരുന്ന സത്യം ഇതാണ്.
പ്രതികരിക്കാനുണര്‍ന്ന പ്രബുദ്ധ കേരളമേ, ഇനിയെങ്കിലും പ്രതികരിച്ച ശേഷം ഉറങ്ങാതെ കാത്തിരിക്കുമോ…ഇനിയും പെണ്‍കുഞ്ഞുങ്ങള്‍ സമാധാനമായി, നാളത്തെ സമൂഹത്തെ നയിക്കാന്‍ വളര്‍ന്നു വരേണ്ടതുണ്ട്. ഓരോന്നും ഒറ്റപ്പെട്ട സംഭവമായി കാണുന്ന സര്‍ക്കാരും, വിനതാ സംരക്ഷ സംഘങ്ങലും, സംവിധാനങ്ങളുമെല്ലാം സജീവമായി ഇരിക്കണം. പെണ്‍കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കാന്‍ സന്നദ്ധരാകണം. മാതാപിതാക്കള്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കണം. തിരുവാണിയൂരില്‍ നാലു വയസ്സുമാത്രം പ്രായമുള്ള കല്യാണിയെ അച്ഛന്റെ സഹോദരന്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തുമ്പോള്‍, ഈ ദൈവത്തിന്റെ സ്വന്തം നാട് എത്ര മോശമായിരിക്കുന്നു എന്ന് മനസ്സിലാക്കണം.
ആ കുട്ടിയോട് ഒരല്‍പ്പം കരുണയും കരുതലും കാണിക്കാമായിരുന്നില്ലേ അയാള്‍ക്ക്. അയാളുടെ സഹോദരന്റെ കുഞ്ഞല്ലേ. എന്നിട്ടുപോലും അയാള്‍ അതിനു മുതിര്‍ന്നെങ്കില്‍ അവനൊരു കടുത്ത ലൈംഗിക മാനസിക രോഗിയാണ്. എങ്കിലും, ലൈംഗിക ബന്ധത്തിനും, അതിന്റെ സാധ്യതകള്‍ക്കും, അത് മനസ്സിലാക്കുന്നതിനും ഒക്കെ ഒരു സമയമില്ലേ. പ്രായമില്ലേ. അതെങ്കിലും പരിഗണിച്ചു കൂടായിരുന്നോ ചെറ്റയ്ക്ക്. അമ്മയ്ക്ക് മാനസിക രോഗമാണെന്ന് വിളിച്ചു പറഞ്ഞാണല്ലോ, ആ മാംസം തീനി മറഞ്ഞു നിന്നത്. രണ്ടര വയസ്സുമുതല്‍ പ്രകൃതി വുരദ്ധ പീഡനങ്ങളും മുറിവേല്‍പ്പിക്കലും അയാള്‍ കല്യണിയില്‍ നടത്തി. ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരുന്നുവെന്നുമാണ് മൊഴി. കല്യാണിയെ കൊലപ്പെടുത്തുന്നതിനും അടുത്ത ദിവസങ്ങളില്‍പ്പോലും ലൈംഗിക പീഡനം നടത്തിയിട്ടുണ്ടെന്നുമാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചാല്‍ ആരും ഇന്നത്തെ ദിവസം ഉറങ്ങില്ല. അത്രയും മൃഗീയമായും, വന്യതയോടെയുമാണ് അയാള്‍ കുട്ടിയെ ഉപയോഗിച്ചിരിക്കുന്നത്. അതും നിരന്തരം. കല്യാണിയെ ആഴങ്ങളിലേക്കെറിഞ്ഞ്, രക്ഷപ്പെടുത്തിയെന്ന് വാദിച്ച അമ്മയും, കള്ളുകുടിച്ച് വീട്ടിലെത്തുന്ന അച്ഛനും ഇതില്‍ പങ്കുണ്ട്. അവരെ നിയമപരമായി ശിക്ഷിക്കുക തന്നെ വേണം. കളിപ്പാട്ടവും, അംഗന്‍വാടിയും, കുഞ്ഞു കൂട്ടുകാരുമൊത്ത് ജീവിക്കേണ്ടിയിരുന്ന കുരുന്നിനെ ലൈംഗികമായി ഉപയോഗിച്ചവനെ ശിക്ഷിക്കേണ്ടത് നിയമപരമായി കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണം.
ഒളിഞ്ഞിരിക്കുന്നുണ്ട്, ഇത്തരക്കാര്‍. പകല്‍ വെട്ടത്തില്‍ അവരെ കണ്ടെത്താന്‍ പ്രയാസമായിരിക്കും. ഒറ്റ നോട്ടത്തിലോ, ചിലപ്പോള്‍ ഒരു വാക്കിലോ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കാം ഇവരെ. വൈകൃതങ്ങളുടെ കൂടാരമാണവരെന്ന് സ്വപ്‌നത്തില്‍പ്പോലും ചിന്തിക്കാന്‍ കഴിയാത്തവര്‍. ലൈംഗികത എങ്ങനെ തീര്‍ക്കണമെന്നും, ആരില്‍, എപ്പോള്‍, എവിടെ വെച്ച് എന്നുപോലും വകതിരിവില്ലാത്ത മനുഷ്യര്‍. അത്തരക്കാര്‍ ഞരമ്പു രോഗികളാണെങ്കില്‍, ആ രോഗം പ്രസരിപ്പിക്കുന്ന ഞരമ്പ് മുറിച്ചെടുക്കാന്‍ സമൂഹത്തിനു കഴിയണം. അല്ലാ, അവന്റെ രോഗത്തിന് ചികിത്സയാണ് വേണ്ടതെങ്കില്‍ വേട്ടപ്പട്ടിയെ കൊണ്ട് അവന്റെ സകലതും കടിച്ചു പറിച്ചെടുപ്പിക്കണം. ഇനിയൊരു കുട്ടിയെയും ദുരുദ്ദേശ കണ്ണുകൊണ്ടു പോലും നോക്കാന്‍ ഇത്തരക്കാര്‍ക്ക് തോന്നാത്ത വിധമുള്ള ക്യാപ്പിറ്റല്‍ പണിഷ്‌മെന്റാണ് നല്‍കേണ്ടത്. അതും നിയമത്തിന്റെ ഇരുട്ടറകളിലല്ല. പത്താളുകൂടുന്ന ഇടത്ത്, പച്ചയ്ക്ക് ചെയ്യണം.
ആലുവയില്‍ അന്യ സംസ്ഥാന തൊഴിലാളി കൊന്നു ചാക്കില്‍കെട്ടി ചെളിയില്‍ താഴ്ത്തിയ കുഞ്ഞിന്റെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്, വാളയാറില്‍ കൊന്ന് കെട്ടിത്തൂക്കിയ കുഞ്ഞു സഹോദരിമാരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, വണ്ടിപ്പെരിയാറില്‍ മരിച്ച കുഞ്ഞിന്റെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്, തിരുവനന്തപുരത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ച കുഞ്ഞിന്റെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്, എന്തിന് പെരുമ്പാവൂര്‍ ജിഷ വധക്കേസ്, തൃശൂരില്‍ സൗമ്യ അങ്ങനെ എത്രയെത്ര പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. അതിലെല്ലാം കാണുന്ന ലൈംഗികാസക്തിയുടെ രീതികള്‍ ഞെട്ടിക്കുന്നതാണ്. വെറും ആഗ്രഹമല്ല, ഏതോ വന്യമൃഗത്തിന്റെ കൈയ്യില്‍ കിട്ടിയ മുയലിനെ കടിച്ചുകീറിയതു പോലെയാണ്. എല്ലാവര്‍ക്കും ഒരേ രീതി. അങ്ങനെ കഴുകന്‍മാര്‍ കൊന്നു തിന്നുന്ന പെണ്‍കുഞ്ഞുങ്ങളുടെ എണ്ണമെത്ര എന്നുപോലും അറിയാനാകാത്തവിധം കണക്കുകള്‍ പെരുക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടിന് ഇതെന്തുപറ്റി എന്നതണ് പ്രശ്‌നം.
അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലര വയസുകാരി പലതവണയായി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചതോടെയാണ് കൊലപാതക വഴി മറ്റൊരു തലത്തിലേക്ക് നീങ്ങിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകള്‍ നല്‍കിയത്. ഇതിനു പിന്നാലെ പുത്തന്‍കുരിശ് പൊലീസ് കുട്ടിയുടെ ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ അടുത്തബന്ധുവിനെ പോലീസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ കുട്ടിയുടെ പിതൃസഹോദരനുമുണ്ടായിരുന്നു. വൈകുന്നേരത്തോടെ മറ്റ് രണ്ട് പേരെ പറഞ്ഞയച്ചതിനു ശേഷം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
എസ്.പി അടക്കമുളളവരാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ കുട്ടിയുടെ പിതൃസഹോദരന്‍ പൊട്ടിക്കരഞ്ഞെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ബാലനീതി, പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാലര വയസുകാരിയുടെ മരണത്തില്‍ അമ്മ സന്ധ്യയ്ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ കല്യാണിയെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്. മൂഴിക്കുളം പാലത്തിന് നടുവിലെ തൂണില്‍ കുരുങ്ങിനിന്ന മരക്കൊമ്പുകള്‍ക്കിടയില്‍ തങ്ങിയ മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു. തറവാട്ടുവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം തിരുവാണിയൂര്‍ പൊതുശ്മശാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിക്കുകയായിരുന്നു.
എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നില്ല. വ്യത്യസ്തമായ കാരണങ്ങളായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഇത് പോലീസിന് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവത്തില്‍ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഭര്‍തൃവീട്ടുകാരോടുള്ള പകയാണെന്നും അവരെ വിഷമിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ ഒരു കൃത്യം നിര്‍വഹിച്ചത് എന്നും അമ്മ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. എന്നാല്‍, സാഹചര്യത്തെളിവൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് പോലീസ് മുഖവിലക്കെടുത്തിരുന്നില്ല. ഇതിനിടെയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത്.
CONTENT HIGH LIGHTS; How many girls have been killed and eaten by “vultures of lust” in Kerala?: Where is the safety?; Rape in Valayar, Vandiperiyar, Aluva, and now Thiruvaniyur; What happened to God’s own country?