മാരിവില്ലിന്‍റെ മനോഹാരിതയിൽ കണ്ണിന് കൗതുകവും മനസിന് കുളിർമയുമായി ഇടുക്കിയിലെ ആനചാടിക്കുത്ത് വെള്ളച്ചാട്ടം. അപകടസാധ്യത ഒട്ടുമില്ലാത്ത ഇടുക്കിയിലെ ഏക വെള്ളച്ചാട്ടമാണ് ആനചാടിക്കുത്ത്. മനം മയക്കുന്ന കാഴ്‌ചകളൊരുക്കിയാണ് വണ്ണപുറം പഞ്ചായത്തിലെ ആനചാടിക്കുത്ത് വെള്ളച്ചാട്ടം സഞ്ചാരികളെ വരവേൽക്കുന്നത്.
കൂറ്റൻ പാറയിൽ തട്ടി നുരയും പതയുമായി പതിക്കുന്ന വെള്ളച്ചാട്ടം ഒരേസമയം കണ്ണിന് കൗതുകവും മനസിന് കുളിർമയും പകരുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെ തൊമ്മൻകുത്തിനു സമീപത്തായുള്ള വെള്ളച്ചാട്ടമാണ് ആനചാടികുത്ത് വെള്ളച്ചാട്ടം അഥവ ആനയടിക്കുത്ത് വെള്ളച്ചാട്ടം. വനം വകുപ്പിന്‍റെ ഇക്കോ ടൂറിസം പദ്ധതിയിൽ ഇടം നേടിയ തൊമ്മൻകുത്ത് വെള്ളച്ചാട്ടം സമീപത്തുണ്ടെങ്കിലും ആനചാടികുത്തിനോടാണ് സഞ്ചാരികൾക്ക് പ്രിയം.
മഴക്കാലത്ത് മാത്രമേ വെള്ളച്ചാട്ടം മുഴുവൻ ഭംഗിയിൽ ആസ്വദിക്കാൻ സാധിക്കൂ. ജൂൺ മുതൽ ഒക്ടോബർ മാസം വരെയാണ് വെള്ളച്ചാട്ടം സന്ദർശിക്കാൻ അനുയോജ്യമായ സമയം.
കോട്ടയം ഭാഗത്ത് നിന്ന് വരുന്നവർ തൊടുപുഴ ടൗണിൽ നിന്നും 20 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ തൊമ്മൻകുത്ത് ജങ്‌ഷനിൽ എത്താം. അവിടെ നിന്ന് വണ്ണപ്പുറം പോകുന്ന വഴി ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആനചാടിക്കുത്തിൽ എത്താം. ബസിൽ വരുന്നവർ തൊടുപുഴയിൽ നിന്ന് തൊമ്മൻക്കുത്തു ജങ്‌ഷനിൽ ഇറങ്ങി, ഓട്ടോപിടിച്ച് വെള്ളച്ചാട്ടത്തിന്‍റെ അടുത്തെത്താം.
പേരുവന്നത്തിനു പിന്നില്‍
ആനയടിക്കുത്ത് വെള്ളച്ചാട്ടത്തിന് പേര് വന്നതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ 2 ആനകള്‍ തമ്മില്‍ അടിപിടികൂടുന്നതിനിടക്ക് ഒരാന കാല്‍വഴുതി അവിടെ ചെരിഞ്ഞു. ആന ചാടിയ സ്ഥലമായതിനാല്‍ പ്രദേശ വാസികള്‍ ഈ വെള്ളച്ചാട്ടത്തെ ആനച്ചാടികുത്ത് എന്നു വിളിച്ചു, പിന്നീട് ഈ സ്ഥലത്തിന് ആനയാടികുത്ത് എന്ന പേര് വീണു.