Kerala

65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികളോ ?: 12 അനധ്യാപകരും പ്രതികള്‍ ?; 9 പേരെ പിരിച്ചുവിട്ടു, നിര്‍ബന്ധിത പെന്‍ഷന്‍ ഒരാള്‍ക്കും ഒരാളെ സര്‍വ്വീസില്‍ നിന്നുനീക്കി, 45 പേര്‍ക്കെതിരേ കര്‍ശന നടപടി

വിദ്യാഭ്യാസ മേഖലയിലെ പോക്‌സോ കേസുകളിലെ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍

സെക്കണ്ടറി വിഭാഗം സ്‌കൂളുകളില്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പോക്സോ കേസുകളുടെ അടിസ്ഥാനത്തില്‍ ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അച്ചടക്ക നടപടി സ്വീകരിച്ച് വരുന്ന പോക്സോ കേസുകളില്‍ ഒരു വര്‍ഷത്തിലേറെ ആയിട്ടും അച്ചടക്ക നടപടിയും തുടര്‍ നടപടിയും എടുക്കാത്ത കേസുകളില്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഇത്തരത്തില്‍ നടപടി സ്വീകരിക്കാത്ത പോക്സോ കേസുകളില്‍ പുതുതായി അച്ചടക്ക നടപടി തുടങ്ങാനും, തുടര്‍ന്നു വരുന്ന അച്ചടക്ക നടപടികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.ഇതിനെ സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്‌തെന്ന് മന്ത്രി വ്യക്തമാക്കി. സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ

വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്. ഈ കേസുകളില്‍ വകുപ്പുതല അച്ചടക്ക നടപടി

പൂര്‍ത്തിയാക്കിയ പോക്സോ കേസുകളില്‍ നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കിയത് ഒരാള്‍ക്ക്, സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത് 9 പേരെയും, സര്‍വ്വീസില്‍ നീക്കം ചെയ്തത് ഒരാളെയും ഉള്‍പ്പെടെ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളില്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

  • വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പോക്സോ പ്രകാരം 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അച്ചടക്ക നടപടികള്‍ തുടര്‍ന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാര്‍ക്കും (2 അദ്ധ്യാപകരും, 1 ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റും) എതിരെ ഉണ്ടായ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായോ, ഭാഗികമായോ ശരിയാണെങ്കില്‍ ദുരനുഭവം നേരിട്ട കുട്ടികളുടെ മാനസിക വേദന അതിരറ്റതാണെന്നും ഈ സാഹചര്യത്തില്‍ കുട്ടുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ സ്‌കൂളില്‍ വരാനും, നിയമ നടപടികളുമായി സഹകരിക്കാന്‍ സാധിക്കുന്നതിനും, സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായി ഈ ജീവനക്കാര്‍ക്ക് വേല വിലക്ക് ഏര്‍പ്പെടുത്തി അച്ചടക്ക നടപടി തുടര്‍ന്ന് വരുന്നു. ഈ മൂന്ന് കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

  • ഹയര്‍ സെക്കന്‍ഡറി വിഭാഗം

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പോക്സോ കേസിലുള്‍പ്പെട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്നും 7 അധ്യാപകരെയും സസ്പെന്‍ഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 2024-25 അക്കാദമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് 2 അധ്യാപകരും എയ്ഡഡ് മേഖലയില്‍ നിന്ന് 2 അധ്യാപകരുമാണുള്ളത്. താരതമ്യേന മുന്‍ വര്‍ഷത്തെക്കാള്‍ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

CONTENT HIGH LIGHTS;66 teachers in the state accused in POCSO case?: 12 non-teachers also accused?; 9 dismissed, one given compulsory pension, one removed from service, strict action taken against 45