കഴിഞ്ഞ ദിവസം റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണുവുമായി റാപ്പര്‍ വേടന്‍. എന്തിനാണ് റാപ്പ് ചെയ്യുന്നത് എന്ന് ചോദ്യം ജാനാധിപത്യവിരുദ്ധമാണ്. താന്‍ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നത് കൊണ്ടാണ് ഈ പരാമര്‍ശമെന്നും വേടന്‍ പ്രതികരിച്ചു. അതേസമയം ശശികല ടീച്ചര്‍ക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
റാപ്പര്‍ വേടന്റെ പ്രതികരണം….
”തന്നെ വിഘടനവാദിയാക്കാനും തീവ്രവാദിയാക്കാനും ശ്രമിക്കുന്നു. താന്‍ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികല ടീച്ചറിന്റെ പരാമര്‍ശം. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രിയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പരാമര്‍ഷങ്ങള്‍. താന്‍ റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. സംഘപരിവാറും-ജനാധിപത്യവും തമ്മില്‍ പുലബന്ധമില്ല. താന്‍ ചെയ്യുന്നത് തന്റെ ജോലിയാണ്. ഇനിയും റാപ്പ് സംഗീതവുമായി മുന്നോട്ട് പോകും. ക്ലാസിക്ക് ഒന്നും ചെയ്യാനുളള തൊണ്ടയില്ല, അല്ലേല്‍ അതും ചെയ്യുമായിരുന്നു”.
കഴിഞ്ഞ ദിവസം വളരെ കടുത്ത ഭാഷയിലായിരുന്നു വേടനെതിരെയുളള ശശികല ടീച്ചറിന്റെ പരാമര്‍ശം.”പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്. പട്ടികാജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട് ഒരു പരിപാടി നടത്തുമ്പോള്‍ പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ നടത്തേണ്ടത്. വേന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കു മുന്നിലാണ് സമാജം അപമാനിക്കപ്പെടുന്നത്. കഞ്ചാവ് കഴിക്കുന്നവന്‍ പറയുന്നതേ കേള്‍ക്കൂ എന്ന ഭരണത്തിന്റെ രീതി മാറ്റണം. വേദിയില്‍ എത്തിച്ച് അതിന്റെ മുന്നില്‍ പതിനായിരങ്ങള്‍ തുളളിക്കേണ്ടി വരുന്ന ഗതിക്കേട്. ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്നുപറഞ്ഞ്, കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്”. ഇതായിരുന്നു ശശികല ടീച്ചറുടെ പരാമര്‍ശം.
അതേസമയം വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ശ്രമമാണ് ശശികല ടീച്ചറുടേത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി പരാതി നല്‍കിയത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യ കൗമാരങ്ങളോട് പടവെട്ടി സ്വയം ഉയര്‍ന്നുവന്ന കലാകാരനാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന് ഡിവൈഎഫ്ഐ പരാതിയില്‍ പറയുന്നു. വേടനെതിരെയുള്ള സംഘപരിവാര്‍ ആക്രമണത്തിലൂടെ തെളിയുന്നത് സംഘപരിവാറിന്റെ ദളിത് വിരുദ്ധ രാഷ്ട്രീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. പിന്നാലെയാണ് പാലക്കാട് ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരിക്കുന്നത്.