കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും പത്തനംതിട്ടയ്ക്കും വിജയം.കോഴിക്കോടിനെ ഏഴ് വിക്കറ്റിനാണ് പാലക്കാട് തോല്പിച്ചത്. പാലക്കാടിൻ്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. രണ്ടാം മല്സരത്തിൽ പത്തനംതിട്ട മൂന്ന് റൺസിന് കണ്ണൂരിനെ തോല്പിച്ചു.
മഴ മൂലം 19 ഓവറാക്കി ചുരുക്കിയ മല്സരത്തിൽ, പാലക്കാടിനെതിരെ ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. അലൻ അബ്ദുള്ളയും വി പ്രകാശും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്കിയെങ്കിലും തുടർന്നെത്തിയവരിൽ ധ്വജ് റായ്ച്ചൂര മാത്രമാണ് പിടിച്ചു നിന്നത്. ധ്വജ് 33 റൺസുമായി പുറത്താകാതെ നിന്നു. അലൻ അബ്ദുള്ള 30ഉം വി പ്രകാശ് 35 റൺസ് നേടി. പാലക്കാടിന് വേണ്ടി അജിത് രാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാലക്കാടിന് ഓപ്പണർ വിഷ്ണു മോഹൻ രഞ്ജിത്തിൻ്റെ തകർപ്പൻ ഇന്നിങ്സാണ് അനായാസ വിജയം ഒരുക്കിയത്. വെറും 17 പന്തുകളിൽ വിഷ്ണു മോഹൻ മൂന്ന് ഫോറുകളും ഏഴ് സിക്സുമടക്കം 60 റൺസെടുത്തു. 37 പന്തുകളിൽ 46 റൺസുമായി പുറത്താകാതെ നിന്ന അശ്വിൻ ആനന്ദും പാലക്കാടിനായി തിളങ്ങി. 13.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പാലക്കാട് ലക്ഷ്യത്തിലെത്തി. വിഷ്ണു മോഹൻ രഞ്ജിത്താണ് പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം മല്സരത്തിൽ കണ്ണൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത പത്തനംതിട്ട 19.1 ഓവറിൽ 166 റൺസിന് ഓൾ ഔട്ടായി. 19 പന്തുകളിൽ ഒരു ഫോറും എട്ട് സിക്സും അടക്കം 57 റൺസെടുത്ത എസ് സുബിൻ്റെ ഇന്നിങ്സാണ് പത്തനംതിട്ടയ്ക്ക് കരുത്ത് പകർന്നത്. സോനു ജേക്കബ് മാത്യു 30 റൺസും കെ ബി അനന്ദു ഒൻപത് പന്തുകളിൽ 16 റൺസും നേടി. കണ്ണൂരിന് വേണ്ടി ബദറുദ്ദീനും നാസിലും തേജസ് വിവേകും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കണ്ണൂരിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് മാത്രമാണ് നേടാനായത്. 18 പന്തുകളിൽ 39 റൺസെടുത്ത വരുൺ നായനാർ മാത്രമാണ് കണ്ണൂരിന് വേണ്ടി മികച്ച ഇന്നിങ്സ് കാഴ്ച വച്ചത്. ശ്രീരൂപ് 37ഉം പാർഥിവ് ജയേഷ് 32ഉം സംഗീത് സാഗർ 29ഉം റൺസ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജി അനൂപാണ് പത്തനംതിട്ടയുടെ ബൌളിങ് നിരയിൽ തിളങ്ങിയത്. പത്തനംതിട്ടയ്ക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ എസ് സുബിനാണ് പ്ലെയർ ഓഫ് ദി മാച്ച്.
CONTENT HIGH LIGHTS;Palakkad wins second consecutive victory in KCA-NSK Twenty20 tournament