Kerala

ദേശീയപാതയിലെ തകര്‍ച്ച സമഗ്ര അന്വേഷണം വേണമെന്ന് കെപിസിസി; മെയ് 26ന് കൊച്ചിയില്‍ ജയ് ഹിന്ദ് സഭ സംഘടിപ്പിക്കും

പാതാളഗര്‍ത്തങ്ങളായ ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ നിര്‍മാണത്തിലെ അശാസ്ത്രീയത, അഴിമതി, അതിവേഗം പണിതീര്‍ക്കാനുള്ള സമ്മര്‍ദം തുടങ്ങിയ പല കാരണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ ആസ്ഥാനത്തില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ കാലവര്‍ഷം ആഗതമായിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. രാജ്യത്തിന്റെ മതേതരത്വത്തിനും അഖണ്ഡതയ്ക്കും സാമൂഹികനീതിക്കും വേണ്ടി പോരാടുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന ബിജെപിയുടെ നടപടികളെ ശക്തമായി അപലപിക്കുന്നു. രാഹുല്‍ ഗാന്ധിയെ അപമാനിച്ച ബിജെപിയുടെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.

10 ലക്ഷം പേര്‍ക്ക് കെ ഫോണ്‍ നല്കുമെന്ന് വാഗ്ദാനം ചെയ്തിട്ട് ഒരു ലക്ഷം ആയപ്പോള്‍ കൊട്ടിഘോഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടി അല്പത്തമാണ്. കെ ഫോണ്‍ പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിഞ്ഞ മറ്റൊരു പദ്ധതിയാണിത്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ജനങ്ങള്‍ മഹാദുരിതത്തില്‍ അകപ്പെട്ട് കൈയും കാലുമിട്ടടിക്കുകയും ചെയ്യുന്നതിനിടയില്‍ പിണറായി സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ പേരില്‍ 100 കോടിയിലധികം രൂപയുടെ നികുതിപ്പണമെടുത്ത് ആഘോഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളീയം, നവകേരള സദസ് എന്നിവയുടെ പേരില്‍ എത്ര കോടി പിരിച്ചെന്നോ എങ്ങനെ ചെലവഴിച്ചെന്നോ ഒരു കണക്കുമില്ല. ജനങ്ങള്‍ മുഖ്യമന്ത്രിക്കു നല്കിയ പതിനായിരക്കണക്കിന് പരാതികള്‍ എന്തു ചെയ്‌തെന്ന് ആര്‍ക്കും അറിയില്ല. മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ കോടികളാണ് ചെലവിട്ടത്. നേരിയ വേതനവര്‍ധനവിനുവേണ്ടിയുള്ള ആശാവര്‍ക്കര്‍മാരുടെ സമരം 100 ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാര്‍ ആര്‍ഭാടത്തില്‍ അഭിരമിച്ചത്. ക്ഷേമനിധി ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പെന്‍ഷനും ക്ഷേമപെന്‍ഷനും മുടങ്ങി കിടക്കുന്ന കാര്യം സര്‍ക്കാര്‍ മറന്നു.

പാവപ്പെട്ട ഒരു ദളിത് യുവതിയെ അകാരണമായി പോലീസ് സ്‌റ്റേഷനിലടച്ച് കുടിവെള്ളം പോലും നല്‍കാതെ മാനസികമായി പീഡിപ്പിച്ചപ്പോഴാണ് സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നല്കിയ പരാതിക്ക് ചവറ്റുകുട്ടയിലായിരുന്നു സ്ഥാനം. ബന്ധപ്പെട്ട പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഗുരുതരമായ കാലവിളംബം കാട്ടി. ദളിത് സ്ത്രീ ആയതിനാലാണോ അവര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതെന്ന് ന്യായമായി സംശയിക്കുന്നു.

മെയ് 26ന് വൈകുന്നേരം 4ന് കൊച്ചിയില്‍ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ജയ് ഹിന്ദ് സഭ സംഘടിപ്പിക്കും. ഇന്ത്യന്‍ സൈന്യത്തിന്റെ ശൗര്യം, ത്യാഗം, ദേശസ്‌നേഹം എന്നിവയോടുള്ള ആദരവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജയ് ഹിന്ദ് സഭകളില്‍ മുതിര്‍ന്ന സൈനികര്‍, വിമുക്ത സൈനികര്‍,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് മെയ് 27ന് ഡിസിസികളുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടത്തും. ദേശീപാതയിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ദേശീപാത അതോറിറ്റിയുടെ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍,എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, സെക്രട്ടറിമാരായ വി.കെ. അറിവഴകന്‍,പി.വി.മോഹനന്‍,മന്‍സൂര്‍ അലിഖാന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം.സുധീരന്‍, കെ.മുരളീധരന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ് എംഎല്‍എ, എപി അനില്‍കുമാര്‍ എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി ഭാരവാഹികള്‍,ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.