രാത്രി പുറപ്പെട്ടാൽ അതിരാവിലെ എത്താം അങ്ങനെ വരുന്നവർക്ക് രാവിലെ കുളി കക്കൂസ് സൗകര്യങ്ങൾ ഒരുക്കുന്ന റിഫ്രഷ് കേന്ദ്രങ്ങൾ ധാരാളമുണ്ട്
ഒരു പകൽ അടിച്ചുപൊളിച്ചിട്ട് രാത്രി തന്നെ മടങ്ങാം.
ഒരു ഗ്യാസ് സിലിണ്ടറും കുറച്ച് പാത്രങ്ങളുമെടുത്താൽ വേണമെങ്കിൽ വഴിയിൽ എവിടെയെങ്കിലും ഒതുക്കി ഫൂഡ് ഉണ്ടാക്കുകയും ചെയ്യാം.
അത് ഒരു രസമുള്ള. ഏർപ്പാടാണ് വണ്ടിയിൽ ഇരുന്ന് രണ്ടെണ്ണമൊക്കെ വിട്ട് അങ്ങനെ ഭക്ഷണം കഴിക്കുന്നത്
കുറച്ച് ഡിസ്പോസിബിൾ പ്ലേറ്റും ഗ്ലാസും വാങ്ങി വെക്കാം
അതല്ലെങ്കിൽ കാടിനോട് ചേർന്ന് അത്ര വാടകയില്ലാത്ത ചെറിയ ഹോംസ്റ്റേകൾ കാണും
രണ്ട് കോഴിയെ വാങ്ങി പോയാൽ അവിടെ പൊരിക്കാൻ സൗകര്യമുണ്ടാകും
അവിടുത്തെ ചേട്ടന്മാരെ ആരെയെങ്കിലും സോപ്പിട്ടാൽ നല്ല നാടൻ കിട്ടും ചിലപ്പോൾ
പണ്ടൊക്കെയാണെങ്കിൽ നല്ല വെടിയിറച്ചി കിട്ടുമായിരുന്നു
സാധനം താഴെ നിന്നു തന്നെ വാങ്ങിക്കൊണ്ട് പോകുന്നതാണ് നല്ലത്
വൈത്തിരിയിൽ ഒരു ബീവറേജസ് ഉണ്ട് പക്ഷേ അവിടെ നല്ല തിരക്കാണ്…..
ഈയിടെയായി വയനാട് സന്ദർശ്ശിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം സഞ്ചാരിസംഘങ്ങളുടെയും ഒരു പൊതു വികാരം ഈ മട്ടിലാണ് എന്ന് തോന്നുന്നു
വയനാട്ടിൽ മാത്രമല്ല മൂന്നാർ ,തേക്കടി ,നെല്ലിയാമ്പതി എന്നിങ്ങനെയുള്ള ഹിൽ സ്റ്റേഷനുകൾ ലക്ഷ്യമാക്കുന്ന സഞ്ചാരികളിലും ഇത്തരക്കാർ ധാരാളമായി ഉണ്ടാവണം
ഇത് നിങ്ങൾക്കെങ്ങനെ അറിയാം എന്ന് ചോദിച്ചാൽ ഉത്തരമൊന്നുമില്ല
പക്ഷേ വയനാട്ടിൽ ഈയിടെ വന്നെത്തുന്ന സഞ്ചാരിക്കൂട്ടങ്ങളുടെ ചെയ്തികളെ ഒന്ന് അടുത്ത് നിന്ന് നിരീക്ഷിച്ചാൽ നമുക്ക് മനസിലാവുന്ന ഒരു സംഗതി ഇങ്ങനെയാണ്
ഒരു ദിവസം വയനാട് ചുരം കയറുന്ന ടൂറിസ്റ്റ് ബസുകളും ടെമ്പോ ട്രാവലറുകളും എത്രയെണ്ണം ഉണ്ടാകും എന്നാണ്?
അവധി ദിവസങ്ങൾ അടുപ്പിച്ചു വരുന്ന ചില ആഴ്ചകളിൽ എണ്ണുവാൻ പോലും പറ്റാത്ത അത്രയുണ്ടാകും അവ.
താമരശേരി ചുരം കവിഞ്ഞ് അടിവാരത്തേക്കും വൈത്തിരിക്കും നീളും വണ്ടികളുടെ നിര
നിങ്ങൾ പുതിയ ടൂറിസ്റ്റ് ബസുകളുടേയും ട്രാവലറുകളുടേയുമൊക്കെ പിന്നിലെ പരസ്യ സ്റ്റിക്കറുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?
അതിൽ അധികവും അതിലെ മ്യൂസിക് സൗകര്യങ്ങളെക്കുറിച്ചുള്ളവ ആയിരിക്കും
ഡോൾബി ഡമാക്ക,ഡീജെ ഡർബാർ,തണ്ടർ മാജിക് എന്നീ മട്ടിലുള്ളവ
പുതിയ ആളുകൾക്ക് വേണ്ടത് അതാണ്, വണ്ടിയെ ഒരു ഡൻസിംഗ് ഹാൾ ആക്കണം
ഭൂമി കുലുങ്ങും പോലെയാണ് നമുക്ക് തോന്നുക
സ്പീക്കറുകൾ പൂരം വെടിക്കെട്ടിലെ ഗർഭം കലക്കികളെ അനുകരിച്ചു കൊണ്ടിരിക്കും
നാടിന്റെ പലഭാഗത്തു നിന്നും പുറപ്പെടുന്നവയാണെങ്കിലും അവ ഒന്നിച്ചു വന്നെത്തുന്നത് ചെറിയ ഒരു വനപ്രദേശത്തേക്കാണ് എന്നതും ഓർക്കണം
വയനാട്ടിലെ ചെറുഗ്രാമങ്ങളിലൂടെയും
,വനസ്ഥലികളിലൂടെയുമാണ് നിങ്ങൾ യാത്ര ചെയ്യുന്നത്
പൊതുവേ ശാന്തരും പാവങ്ങളുമായ ഗ്രാമീണരുടേയും വന ജന്തുക്കളുടേയും ഇടയിലൂടെയാണ് നിങ്ങളുടെ യാത്ര
അതു കൊണ്ട് തന്നെ അവനവന്റെ ആനന്ദം എന്നത് മറ്റുള്ളവരുടെ സൊയ്‌ര്യം കെടുത്തിക്കൊണ്ടുള്ള നെഗളിപ്പല്ല എന്നറിയാനുള്ള മിനിമം സാക്ഷരത എങ്കിലും ഇത്തരം യാത്രകൾ നിങ്ങളിൽ നിന്നും ആവശ്യപ്പെടുന്നുണ്ട്
എടക്കൽ ഗുഹയും സൂചിപ്പാറ വെള്ളച്ചാട്ടവും ബാണാസുരൻ അണക്കെട്ടും തുടങ്ങിയ ചില കാഴ്ചകൾ മാത്രമല്ല വയനാട്
അവിടെ കുറച്ച് മനുഷ്യർ കൂടി താമസിക്കുന്നുണ്ട്
ഏകദേശം എട്ട് ലക്ഷത്തോളം മനുഷ്യർ
നിങ്ങൾ ചില പട്ടണക്കാഴ്ചകളൊക്കെ വയനാട്ടിൽ കണ്ടേക്കാം , ചിലപ്പോൾ നിങ്ങളുടെ നാട്ടിലേതിനേക്കാൾ കേമത്തിൽ തന്നെ
പുറമേ നിന്ന് വരുന്നവരുടെ സഹായമില്ലാതെ സ്വന്തമായിതന്നെ നെടുങ്കൻ ട്രാഫിക് ബ്ലോക്കുകളൊക്കെ ഉണ്ടാക്കാൻ പാകത്തിൽ വളർന്നിട്ടുണ്ട് സുൽത്താൻ ബത്തേരിയൊക്കെ ഇന്ന്
എന്നാലും അതൊക്കെ ഒരു നാലു ശതമാനത്തിൽ താഴെയേ വരൂ
വയനാടിന്റെ മുക്കാലേ മുറിയും കിടക്കുന്നത് ഗ്രാമങ്ങളിലാണ്
കൃഷിയും അനുബന്ധമായി വരുന്ന ചില ചില്ലറപ്പണികളുമൊക്കെയായി ഒതുങ്ങി ജീവിച്ചുപോരുന്ന പാവങ്ങളാണ് തൊണ്ണൂറ്റിയഞ്ച് ശതമാനവും
ഒരോരൊ പ്രാരബ്ദങ്ങളുമായി നടക്കുന്നവർ
അവർക്ക് നിങ്ങളോട് വിരോധമൊന്നുമില്ല
നിങ്ങളുടെ ചില്ലറ കുസൃതികളൊക്കെ അവർക്ക് രസിക്കുകയും ചെയ്യും
കുട്ടികളുടെ ‘റ്റാറ്റ’കൾക്കൊക്കെ മറുപടിയായി കൈ പൊക്കാനും ചിരിക്കാനുമൊക്കെയുള്ള കൗതുകം അവർ എപ്പോഴും സൂക്ഷിക്കുന്നുമുണ്ട്
പക്ഷേ നിങ്ങൾകാണിക്കുന്നതൊക്കെയും സഹിക്കാൻ അവർ ബാധ്യസ്ഥരല്ല എന്നറിയണം.
നിങ്ങൾക്ക് ഉല്ലസിക്കുവാൻ വേണ്ടി ഒരു കാഴ്ചബംഗ്ലാവിൽ ഒരുക്കി നിർത്തിയിട്ടുള്ള ആളുകളല്ല അവർ.
അതു കൊണ്ട് ദയവായി നിങ്ങളുടെ ആഹ്ലാദങ്ങൾ മുഴുവനുമായി അവർക്കുമേൽ വിസർജ്ജിച്ച് വെക്കാതിരിക്കൂ
ഒരു മരണ വീട് പോലെ മൂകമോ ,പട്ടാളക്യാമ്പിലേത് പോലെ നിയന്ത്രിത ചലനങ്ങളോട് കൂടിയതോ ആകണം നിങ്ങളുടെ ആഹ്ലാദ യാത്ര എന്നല്ല
പക്ഷേ ആഹ്ലാദപ്രകടനങ്ങൾക്ക് അൽപം ഔചിത്യം നിശ്ചയമായും വേണം
ചെറിയ ഗ്രാമക്കവലകളിൽ നിർത്തേണ്ടിവരുംബോൾ,ആരോടെങ്കിലും വഴി ചോദിക്കേണ്ടിവരുമ്പോൾ
ദയവായി ആ വോളിയം ഒന്നു കുറക്കൂ
മരണ വീടുകൾക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ,കാവുകളിലെ തിറപോലുള്ള ചില ലളിതമായ അനുഷ്ടാനങ്ങൾക്ക് മുന്നിലെത്തുംബോൾ ഏതാനും നിമിഷത്തേക്ക് നിങ്ങളുടെ നൃത്തമൊന്ന് നിർത്തി വെക്കൂ
അവരുടെ നാട്ടിൽ സ്വസ്ഥരായി ജീവിക്കുവാനുള്ള അവരുടെ അവകാശത്തെ മാനിച്ചില്ലെങ്കിലും ദയവു ചെയ്ത് പരിഹസിക്കാതെയെങ്കിലുമിരിക്കൂ
പാതയോരങ്ങളിൽ നിങ്ങൾ ഭക്ഷണം പാകം ചെയ്യരുത് എന്നോ കഴിക്കരുത് എന്നോ അല്ല ,പക്ഷേ അതിന്റെ അവശിഷ്ടങ്ങൾ അവിടെ ബാക്കിയാക്കരുത് എന്നാണ്.
നിങ്ങളുടെ എച്ചിൽ പാത്രങ്ങൾ അവരുടെ ബാധ്യതയല്ല എന്ന സാമാന്യ ബോധം കാണിക്കണം എന്നാണ്
നിങ്ങൾ പുകവലിക്കരുത് എന്നല്ല ,ആ തീപ്പെട്ടി ക്കൊള്ളിയും ബീഡിക്കുറ്റിയും ശ്രദ്ദയോടെ കൈകാര്യം ചെയ്യണം എന്നാണ്
ആയിരക്കണക്കിന് ഏക്കർ വനവും അതിലെ ദശലക്ഷക്കണക്കായ വന്യ ജീവനും ആളിക്കരിഞ്ഞു പോകുന്ന ആ കാട്ടു തീ ഉത്ഭവിക്കുന്നത് ഉണക്കപ്പുല്ലിൽ വീഴുന്ന ഒരു സിഗരറ്റ് കുറ്റിയിൽനിന്നാവാം എന്ന ജാഗ്രത കാണിക്കണം എന്നാണ്
കാപ്പി പൂക്കളിൽ ,കാപ്പികുരു പഴുത്തു കിടക്കുന്ന തോട്ടങ്ങളിൽ നിങ്ങൾക്ക് കൗതുകം പാടില്ല എന്നല്ല അത് ഒരു കർഷകന്റെ ജീവിത മാർഗ്ഗമാണ് എന്ന് ബോധം വേണമെന്നാണ്
ഗ്രാമങ്ങളിലെ മനുഷ്യർ അവർക്കായി കെട്ടിയുണ്ടാക്കിയ ബസ് വൈറ്റിംഗ് ഷെഡ്ഡുകൾ കുറച്ച് നേരത്തേക്ക് നിങ്ങൾ ഉപയോഗിക്കരുത് എന്നല്ല
കോഴിക്കാൽ ബാക്കിയും ,അച്ചാറും ,ഗ്രേവിയും കൊണ്ട് അവരുടെ ഇരിപ്പിടങ്ങളെ വൃത്തികേടാക്കരുത് എന്നാണ്.
അമിതമായി മദ്യപിക്കുമ്പോൾ ചർദ്ദി സാധാരണമാണ് എന്നാൽ അത് അതിനകത്താകാതിരിക്കാനുള്ള വെളിവ് അയാൾക്കില്ലെങ്കിൽ കൂടെയുള്ളവന് ഉണ്ടാകണമെന്നാണ്
കത്തുന്ന വേനലിലും പൂത്തുലഞ്ഞ് നിൽക്കുന്ന ആ കണിക്കൊന്നപൂവുകൾ നിങ്ങൾക്ക് കൂടി ആസ്വദിക്കാനുള്ളതാണ് പക്ഷേ പൂക്കളെ കുലയോടെ ഒടിച്ച് ടെമ്പോ ട്രാവ്വലറിന്റെ മുന്നിൽ കുത്തിവെക്കുമ്പോൾ നിങ്ങൾ ഒരു സാമൂഹ്യ ദ്രോഹി ആകുകയാണ്
കുറുവാദ്വീപ് നിങ്ങൾക്ക് അർമ്മാദിക്കാനുള്ള ഒരിടം മാത്രമല്ല
അതിന് ചുറ്റുമുള്ള പാക്കം തിരുമുഖം കോളനികളിലെ സാധാരണക്കാരായ മനുഷ്യർ കുളിക്കാനും ,അലക്കാനും ,എരുന്തെടുക്കാനും നിത്യവും ആശ്രയിക്കുന്ന ഒരു പൊതു ഇടം കൂടിയാണ്
നിങ്ങൾ ഒഴിഞ്ഞു പോകാനായി അവർ ക്ഷമയോടെ കാത്തു നിൽക്കുന്നത് നിങ്ങളുടെ അവകാശമല്ല അവരുടെ ഔദാര്യമാണ്
ഗ്രാമക്ഷേത്രങ്ങൾ നിങ്ങളുടെ സെൽഫികൾക്കുള്ള ബാക് ഡ്രോപ്പുകൾ മാത്രമല്ല , വിശ്വാസികൾക്ക് ആരാധന നടത്താനുള്ള ,അവരെ സംബന്ധിച്ചിടത്തോളം വിശുദ്ധമായ ഇടങ്ങളാണ്
കാട്ടിലെത്തുമ്പോൾ നിസ്സാരനാണ് എന്ന് തിരിച്ചറിയുകയും നിശബ്ദനാവുകയും ചെയ്യുക എന്നത് വനസഞ്ചാരത്തിലെ ആദ്യത്തെ പാഠമാണ്
വന്യ മൃഗങ്ങൾ എന്നത് ആരോ നിങ്ങൾക്കായി ഒരുക്കി നിർത്തിയിട്ടുള്ള മെനാക്യുനുകളല്ല,
സത്യത്തിൽ അവരുടെ ജീവിതത്തിലേക്ക് നമ്മൾ അതിക്രമിക്കുകയാണ് ചെയ്യുന്നത്
ജലക്ഷാമം ,തീറ്റയില്ലായ്മ,കാട്ടു തീ , അങ്ങനെ പലവിധപ്രശ്നങ്ങളാൽ അരക്ഷിതരായിരിക്കുന്ന അവയുടെ ജീവിതത്തെ പിന്നെയും ശല്യപ്പെടുത്തുന്ന രീതിയിലേക്ക് നിങ്ങളുടെ ഇടപെടൽ അനുവദനീയമല്ല.
ആനയോടൊപ്പം സെൽഫിയെടുക്കുമ്പോൾ നിങ്ങൾ വെളിവാക്കുന്നത് ധീരതയല്ല മറിച്ച് അഹന്തയുടെ തൊപ്പി വെച്ച നിങ്ങളുടെ വിവരമില്ലായ്മയാണ്.
വയനാടിന്റെ രക്ഷക്കായി എന്ന് സദാസമയവും വിളംബരം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാകുന്നു ടൂറിസം എന്നത്
എന്നാലോ ആ രംഗത്ത് മുതൽമുടക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന കുറച്ചു പേരൊഴിച്ച് ഭൂരിപക്ഷം വരുന്ന വയനാട്ടുകാർക്ക് ആ മേഖല ഒരു ഗുണവും കൊണ്ടുവരുന്നില്ല എന്നതാണ് സത്യം.
വയനാട്ടിലെ സുവനീർ ഷോപ്പുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന തേൻ നെല്ലിക്കയും,മുളയരിയും പോലും വയനാട്ടു കാരുടേതല്ല
ആസാമിൽ നിന്നും ആന്ധ്രയിൽ നിന്നുമൊക്കെ ലോറി കയറിവന്ന് വയനാടൻ ആദിവാസിയുടെ വേഷം കെട്ടി അഭിനയിക്കുകയാണ് അവ .
പ്രാദേശിക സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യാത്തതും
പ്രദേശത്തിന്റെ പരിസ്തിതിക്ക് ദോഷം ചെയ്യുന്നതുമായ ഒന്നായിതീരുമ്പോൾ ഉത്തരവാദിത്തമില്ലാത്ത ടൂറിസ്റ്റുകൾ ഒരുദേശത്തിന് വലിയ ബാധ്യതയാവും എന്നത് പരമാർത്ഥമാണ്
സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന എല്ലാമനുഷ്യരിലും ഒരു സഹൃദയനുണ്ട് എന്നതിൽ സംശയം വേണ്ടതില്ല
അവനെ ചെറുതായി ഒന്ന് സംസ്കരിച്ച് എടുക്കേണ്ടതുണ്ട് എന്ന് മാത്രം.
ഒരു പ്രാദേശിക ആവാസ വ്യവസ്ഥയോടും ,അവിടെ ജീവിക്കുന്ന മനുഷ്യരടക്കമുള്ള സകല ജീവികളോടും സ്നേഹവും ബഹുമാനവുമില്ലാത്ത ഒരു ടൂറിസ്റ്റ് ഭൂമിയിലെ ഏറ്റവ്വും വൃത്തികെട്ട മനുഷ്യജീവിയാകുന്നു എന്ന് സാരം
അടുത്തയാത്രക്ക് ഒരുങ്ങും മുൻപ് ദയവായി അത് മനസിലോർക്കുക,
അത്രയേ വേണ്ടൂ
എല്ലാം ശരിയാവും എന്നത് സത്യസന്ധമായ ഒരു അടയാള വാക്യമാകുന്നത് അപ്പോൾ നമുക്ക് നേരിൽ കാണാം