കൊച്ചി: ആലുവയിൽ അമ്മ നാല് വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന്റെ സഹോദരൻ റിമാൻഡിൽ. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലേക്കാണ് മാറ്റുക. കുട്ടി കൊല്ലപ്പെടുന്നതിനു മുൻപ് ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
കേസിൽ കൂടുതൽ ദുരൂഹതകൾ വരുത്തി കൊണ്ടാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തുവരുന്നത്. പോസ്റ്റ്മോർട്ടത്തിന് പിന്നാലെ ഡോക്ടർമാർ നൽകി വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രതി കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് കുട്ടിയെ എടുത്തുകൊണ്ടുപോയി പ്രതി ഉപദ്രവിച്ചത്.കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും,കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവുണ്ടായിരുന്ന കാര്യം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് പൊലീസിനെ അറിയിച്ചത്. ശാസ്ത്രീയ തെളിവുകൾ അടക്കം മുന്നിൽ വച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതികുറ്റം സമ്മതിച്ചത്.
രാത്രിയിൽ കുട്ടിയുടെ വീട്ടിൽ കൂട്ടുകിടക്കാൻ പോകുന്ന സമയത്തായിരുന്നു പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. പത്തിലധികം തവണ പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നതായും പ്രതി മൊഴി നൽകിയിട്ടുണ്ട്. കുട്ടി അമ്മയോട് പീഡന വിവരം പറഞ്ഞിരുന്നുവെങ്കിലും അമ്മ ഈ വിവരം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്നതും പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.