ദേശീയ പാതാനിര്‍മാണത്തിലെ അപാകതയുടെ പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രം. റോഡ് നിമര്‍മാണത്തിന് കരാറെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്രം ഡീബാര്‍ ചെയ്തു. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റേതാണ് നടപടി. കണ്‍സള്‍ട്ടന്റ് ആയ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് ഇനി തുടര്‍ കരാറുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യമെമ്പാടും 8700 കിലോമീറ്ററോളം ദേശീയ പാത നിര്‍മിച്ചിട്ടുള്ള കമ്പനിയാണ് ആന്ധ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്.
മലപ്പുറം കൂരിയാട് ദേശീയപാത നിര്‍മാണത്തിനിടെ ഇടിഞ്ഞുതാഴ്ന്ന സംഭവത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ രണ്ടംഗ സമിതി വിശദീകരണം തേടുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഡോ.അനില്‍ ദീക്ഷിത്,ഡോ.ജിമ്മി തോമസ് എന്നിവരാണ് കൂരിയാട് എത്തി പരിശോധന നടത്തിയത്. തകര്‍ന്ന പ്രധാനപാതയും സര്‍വീസ് റോഡും പരിശോധിച്ച് ഈ സംഘം ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു.
ഈ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് കരാര്‍ കമ്പനിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം മമ്മാലിപ്പടിയിലും വിള്ളല്‍ കണ്ടെത്തിയിരുന്നു. അശാസ്ത്രീയ നിര്‍മാണം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയപാത നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫീസ് ഉപരോധിച്ചിരുന്നു. ഓഫീസിലെ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.
STORY HIGHLIGHT : National Highway collapse Center debars KNR Constructions