കൊച്ചി: എറണാകുളം തിരുവാണിയൂരിൽ നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിക്കുവേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ നടന്ന വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ വരുത്തി കൊണ്ടാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തുവരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രതി കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് കുട്ടിയെ പ്രതി ഉപദ്രവിച്ചത്.
മകളെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ ചോദ്യം ചെയ്യൽ തുടരും. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നെങ്കിൽ പോക്സോ വകുപ്പ് അടക്കം അമ്മയ്ക്കെതിരെ കൂടി ചുമത്തും. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ആലുവ പുത്തൻകുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്.