കൊച്ചി: പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മകൾ നിരന്തര പീഡനത്തിന് ഇരയായിരുന്നതായി അമ്മ അറിഞ്ഞിരുന്നില്ലെന്ന് വിവരം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ചോദ്യം ചെയ്യൽ ഇന്നും തുടരും.
ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ വ്യക്തമാക്കി. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ മൊഴി നല്‍കി. കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെയാണ് പീഡന വിവരത്തെ കുറിച്ച് അറിയില്ലെന്ന് അമ്മ മൊഴി നല്‍കിയത്.
പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അടുത്ത ബന്ധുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകിയേക്കും. ഇയാളെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.