ഡൽഹി: കേരളത്തിലെ ദേശീയ പാത തകർച്ചയിൽ അടിയന്തര യോഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് വിവരം. കരാർ കമ്പനികൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
സംസ്ഥാനത്ത് പലയിടങ്ങളിലും ദേശീയപാത തകർന്ന സംഭവത്തില്‍ ദേശീയ പാത അതോറിറ്റി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരിഹാര മാര്‍ഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിക്കും. കൂരിയാട്, പാലം വേണമെന്ന ആവശ്യം ശക്തമാക്കാന്‍ നാട്ടുകാര്‍. കേന്ദ്ര സംഘത്തിന് മുന്നില്‍ ആവശ്യം ഉന്നയിക്കും.
മലപ്പുറത്തടക്കം ഉണ്ടായ വിഷയത്തിന്റെ കാരണങ്ങൾ പഠിക്കാൻ ഉന്നതതല വിദഗ്ധ സമിതി കേന്ദ്രസർക്കാർ രൂപീകരിച്ചിരുന്നു. മലപ്പുറത്തെ ബിജെപി നേതൃത്വത്തിനൊപ്പം ഡൽഹിയിലെത്തി, കേന്ദ്രമന്ത്രിയുമായി നേരിട്ട് ചർച്ച നടത്താനാണ് സംസ്ഥാന ബിജെപി ഘടകത്തിന്റെ തീരുമാനം.