മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോൾ ഏറെ ശ്രദ്ധ വേണം. അപകടങ്ങൾ പതിയിരിക്കുന്ന വഴികളാണ് ഏറെയും. അതുകൊണ്ട് തന്നെ ശ്രദ്ധ ഏറെയാണ് ആവശ്യം. റോഡിലെ കുഴി, പൊട്ടി കിടക്കുന്ന വൈദ്യുതി കണക്ഷന്‍, മരച്ചില്ലകള്‍ അങ്ങനെ പലയിടങ്ങളിലായി അപകടങ്ങള്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ശരിക്കും മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് പരിശോധിക്കാം.
വെള്ളക്കെട്ടിലൂടെ വേഗത്തില്‍ വാഹനം ഓടിക്കുന്നത് അപകടം വിളിച്ചുവരുത്തും. ഇത് അക്വാപ്ലെയിനിംഗ് (ജലപാളിപ്രവര്‍ത്തനം) ഉണ്ടാവുകയും അപകടം ഉണ്ടാകുന്നതിനും കാരണമാകും. കുറഞ്ഞ ഗിയറില്‍ കൂടുതല്‍ റെയ്സ് ചെയ്ത് ഓടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കൂടുതല്‍ റെയ്സ് ചെയ്ത് ഓടുക്കുന്ന പുക കുഴലിലൂടെ വാഹനത്തിന്റെ എന്‍ജിനില്‍ വെള്ളം കയറുന്നത് ഒഴിവാക്കാം. റെയ്സ് ചെയ്യുന്നതിനൊപ്പം പുക പുറത്തേക്ക് തള്ളുന്നതിലൂടെ വെള്ളം കയറുന്നത് തടയും.
വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണം അല്ലാത്ത പക്ഷം അപകടങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ചെറിയ വാഹനങ്ങളാണെങ്കില്‍ ( കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍) വാഹനം ഓടുമ്പോള്‍ റോഡില്‍ രൂപപ്പെടുന്ന ഓളങ്ങള്‍ മൂലം പിന്നാലെ വരുന്ന വാഹനത്തിന്റെ എയര്‍ഡാമിലൂടെ വെള്ളം ഉള്ളിലെത്താന്‍ സാധ്യതയുണ്ട്.
മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ വാഹനങ്ങളുടെ ടയറുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തണം. തേയ്മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.
വാഹനം വെള്ളക്കെട്ടിനുള്ളില്‍ നിന്ന് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍, ഇത് തെറ്റായ കീഴ്വഴക്കമാണ്. വെള്ളത്തില്‍ നിന്നുപോയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ സര്‍വീസ് സ്റ്റേഷന്റെ സഹായം തേടണം.
വെള്ളം നിറഞ്ഞ റോഡില്‍ സഡന്‍ ബ്രേക്ക് ഒഴിവാക്കുക. സാധാരണ റോഡിലെ കുഴികളില്‍ ഇറങ്ങിയാല്‍ ആളുകള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാറുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് പുക കുഴലില്‍ വെള്ളം കടക്കാന്‍ കാരണമാകും. വെള്ളത്തില്‍ വാഹനം നിര്‍ത്തുമ്പോഴും ചെറുതായി ആക്സിലറേറ്റര്‍ അമര്‍ത്തുക.
വെള്ളക്കെട്ടിലൂടെ ഓടിയ കാറിന് ബ്രേക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാറുകളില്‍ കൂടുതലായി ഡിസ്‌ക് ബ്രേക്കാണ് നല്‍കുന്നത്. വെള്ളത്തിലൂടെ ഓടി വരുന്ന വാഹനത്തിന്റെ ഡിസ്‌കില്‍ ചെളി പിടിച്ചിരിക്കും. അത് വൃത്തിയാക്കിയ ശേഷം മാത്രം വാഹനം ഓടിക്കുക.
content highlight: Monsoon Season