Food

നല്ല കിടിലൻ സ്വാദിലൊരു സോയ ചങ്ക്സ് കറി ഉണ്ടാക്കിയാലോ?

നല്ല കിടിലൻ സ്വാദിൽ ഒരു കറി ഉണ്ടാക്കിയാലോ? രുചികരമായ സോയ ചങ്ക്‌സ് കറി റെസിപ്പി നോക്കാം. അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാൻ ഇത് കിടിലനാണ്.

ആവശ്യമായ ചേരുവകൾ

  • സോയാ ചങ്ക്സ്- ഒന്നേകാൽ കപ്പ്
  • സവാള- 2 എണ്ണം
  • തക്കാളി- രണ്ട്
  • തേങ്ങ- 3 ടേബിൾ സ്പൂൺ
  • ജീരകം- അര ടീസ്പൂൺ
  • പച്ചമുളക്- 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
  • മുളകുപൊടി- 1 ടീസ്പൂൺ
  • ​ഗരംമസാല- 1 ടീസ്പൂൺ‌
  • മല്ലിപ്പൊടി- അരടീസ്പൂൺ
  • മല്ലിയില- 2 ടേബിൾ സ്പൂൺ
  • എണ്ണ- ഒന്നര ടേബിൾ സ്പൂൺ
  • കറിവേപ്പില- ഒരുതണ്ട്
  • കടുക്- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് തീ ഓഫ് ചെയ്ത് അതിലേക്ക് സോയാ ചങ്ക്സ് ഇട്ടുവെക്കുക. ശേഷം വെള്ളം നീക്കി പിഴിഞ്ഞുമാറ്റിവറ്റിച്ചെടുക്കണം. ഇനി തക്കാളിയും തേങ്ങയും ഒന്നിച്ചരച്ച് അരപ്പ് തയ്യാറാക്കി വെക്കുക. ഇനി ഒരു പാനെടുത്ത് എണ്ണയൊഴിച്ച് കടുകും ജീരകവും പൊട്ടിച്ചെടുക്കാം. ഇത് പൊട്ടിത്തുടങ്ങുമ്പോൾ കറിവേപ്പിലയും സവോളയും പച്ചമുളകും ചേർത്ത് വഴറ്റുക. ഉള്ളി നന്നായി വഴന്നുവരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ചേ‍‍‍‍‍ർക്കാം.ഇനിയിത് അരപ്പ് ചേർത്ത് അൽപം വേവിക്കണം. തുട‍ന്ന് മുളകുപൊടി, ​ഗരംമസാല, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മൂന്നുമിനിറ്റ് വേവിച്ചെടുക്കണം. ഇനിയാണ് കഴുകി വെള്ളമൂറ്റി വെച്ചിരിക്കുന്ന സോയാചങ്ക്സ് ഇതിലേക്ക് ചേ‍‍ർത്ത് വീണ്ടും വേവിക്കണം. ഇനി അൽപം വെള്ളംകൂടി ചേർത്ത് തിളപ്പിച്ച് ​ഗ്രേവി കുറുകുംവരെ വേവിക്കാം. സാേയാചങ്ക്സ് വെന്തു വരുമ്പോൾ മല്ലിയില കൊണ്ടലങ്കരിച്ച് വാങ്ങിവെക്കാം. ഇതോടെ സ്വാദൂറും സോയ ചങ്ക്സ് കറിയിതാ.