Editorial

എവിടെ ഓമന ഡാനിയേല്‍ ?: ബിന്ദുവിനെ പീഡിപ്പിച്ചവര്‍ക്ക് മുഖമില്ലേ ?; ദളിത് പീഡന കേസില്‍ അവരും പ്രതിയല്ലേ ?; വ്യാജ പരാതിനല്‍കി കുടുക്കിയവരെ മാധ്യമങ്ങള്‍ തിരയാത്തതെന്ത് ?

നിങ്ങള്‍ ആരെങ്കിലും ഏതെങ്കിലും മാധ്യമങ്ങളിലൂടെ കണ്ടിരുന്നോ, ദളിത് സ്ത്രീയായ ബിന്ദുവിനെ പോലീസ് സ്‌റ്റേഷില്‍ ഉപദ്രവിച്ചവരുടെ മുഖം ?. ബിന്ദുവിനെതിരേ മാല മോഷ്ടിച്ചെന്നു പറഞ്ഞ് കള്ളപ്പരാതി നല്‍കിയ ആ സ്ത്രീയുടെ മുഖം ആരെങ്കിലും മാധ്യമങ്ങളിലൂടെ കണ്ടോ ?. ബിന്ദുവിന്റെ പരാതിയില്‍ നടപടി എടുത്തിട്ടും സസ്‌പെന്‍ഷനിലായ എസ്.ഐ. പ്രസാദിന്റെ മുഖം ഏതെങ്കിലും മാധ്യമങ്ങളില്‍ കണ്ടിരുന്നോ. നടപടി എടുത്തിട്ടും പ്രസന്നന്‍ എന്ന എ.എസ്.ഐയുടെ മുഖം കണ്ടോ. പേരറിയാത്ത ഒരു പോലീസുകാരനെക്കൂടി നടപടിക്ക് വിധേയമാക്കാനുണ്ടെന്നു പറയുന്ന അയാളെ കുറിച്ച് ആരെങ്കിലും അന്വേഷിച്ചോ. ഇല്ല, ദളിത് പീഡനത്തിന്റെ കാണാപ്പുറങ്ങളാണ് ഈ പറഞ്ഞ ചോദ്യങ്ങളും ആശങ്കകളും.

നോക്കൂ, ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍, പരാതി വായിച്ചു നോക്കുകപോലും ചെയ്യാതെ മേശപ്പുറത്ത് എറിഞ്ഞെന്നു പറഞ്ഞതു കേള്‍ക്കേണ്ട താമസം പി. ശശിയെ മുഖചിത്രമാക്കി മാധ്യമങ്ങളെല്ലാം എന്തുകൊണ്ടാണ് വാര്‍ത്തകള്‍ നല്‍കിയത്. അപ്പോള്‍ പി. ശശിക്കു മാധ്യമങ്ങള്‍ നല്‍കാത്ത ഇളവ് എങ്ങനെയാണ് വ്യാജ പരാതി നല്‍കിയ സ്ത്രീക്കും, പീഡിപ്പിച്ച എസ്.ഐക്കും പോലീസുകാര്‍ക്കും കിട്ടിയത്. അതാണ് രാഷ്ട്രീയമായുള്ള ആക്രമണം. പി. ശശിക്കെതിരേ മാധ്യമങ്ങള്‍ കൃത്യമായ അജണ്ട വെച്ചുകൊണ്ടാണ് ആക്രമിക്കുന്നതെന്ന് വ്യക്തം. അല്ലെങ്കില്‍ ദളിത് സ്ത്രീയുടെ പരാതി വായിക്കാന്‍ മെനക്കെടാത്ത ശശിയുടെയും മുഖം മാധ്യമങ്ങള്‍ മറച്ചേനെ. അവിടെ രാഷ്ട്രീയ അജണ്ട വര്‍ക്കൗട്ട് ചെയ്തു.

എന്നാല്‍, വ്യാജ പരാതിക്കാരിക്കും എസ്.ഐക്കും മറ്റു നടപടി എടുക്കേണ്ട പോലീസുകാര്‍ക്കും മാധ്യമങ്ങള്‍ നല്‍കിയ മറ ജാത്യാലുള്ളതാണ്. അത് തൂത്താല്‍ മാറില്ല. ഉന്നതകുല ജാതന്‍മാരായതുകൊണ്ട് ഒരു ദളിത് സ്ത്രീയുടെ വാര്‍ത്തയ്‌ക്കൊപ്പം നടപടി ഏല്‍ക്കേണ്ടി വന്നുവെന്ന രീതിയില്‍ വാര്‍ത്ത വരുന്നത് കുറച്ചിലായിപ്പോകില്ലേ. അതാണ് ഈ കേസില്‍ പ്രതികളില്ലാത്ത, വാദിയുടെ മാത്രം മുഖവും വാര്‍ത്തയും ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടത്. ഇനി, ഓമന ഡാനിയേല്‍ ആരാണെന്നു പോലും അന്വേഷിക്കാനോ, വിവരങ്ങള്‍ നല്‍കാനോ മാധ്യമങ്ങള്‍ തയ്യാറായോ എന്നു പരിശോദിച്ചു നോക്കൂ. വ്യാജ പരാതി നല്‍കിയവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന നിയമമൊന്നും കേരളത്തിലില്ലല്ലോ.

ഈ കേസില്‍ വാദിയും പ്രതിയുമെല്ലാമായി വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നത് ബിന്ദു മാത്രമാണ്. ഇതാണ് ജാതി വാര്‍ത്തയും ജാതിവാര്‍ത്തയുടെ മുഖവും. തെറ്റു ചെയ്തവര്‍ക്ക് മുഖമില്ല. ആ മുഖം കാണിക്കാന്‍ മാധ്യമങ്ങള്‍ക്കു മടിയുമാണ്. എന്നാല്‍, നിരപരാധിയായ സ്ത്രീയെ മാത്രം കാണിച്ചു കൊണ്ട് വാര്‍ത്ത ചെയ്യും. സ്ത്രീക്കെതിരേ ചെയ്യാനാവുന്ന നീതികേടെല്ലാം കായികമായും മാനസികമായും വാക്കുകള്‍ കൊണ്ടുമൊക്കെ ചെയ്തവര്‍ ആരാണെന്ന് പൊതു സമൂഹത്തിനറിയണ്ടേ. ഈ എസ്.ഐ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് വീണ്ടും ഡ്യൂട്ടിയില്‍ കയറുമ്പോള്‍ ഏതു സ്‌റ്റേഷനില്‍ ജോലിക്കു കയറിയാലും ജനങ്ങള്‍ക്ക് അറിയണ്ടേ. ഇയാളാണ് പീഡനത്തിന്റെ സൂത്രധാരനായ പോലീസുകാരനെന്ന്. ഇയാളില്‍ നിന്നു നീതി കിട്ടില്ലെന്ന്.

20 മണിക്കൂര്‍ സ്റ്റേഷനിലെ തറയിലിരുത്തി ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചു വരെ ചിന്തിക്കേണ്ട മാനസികാവസ്ഥയിലെത്തിച്ച മറ്റു പോലീസുകാര്‍ ആരൊക്കെയാണെന്ന് പൊതു ജനം അറിയണ്ടേ. ഇതിനെല്ലാം കാരണക്കാരിയായ വ്യാജ പരാതിക്കാരിയെയും പൊതു ജനം കാണണ്ടേ. എന്തേ അവരെയൊന്നും കാണിക്കാത്തത്. അവരുടെ മുഖം മാധ്യമങ്ങളില്‍ പതിയില്ലേ. അതോ, മാധ്യമങ്ങള്‍ക്കും ജാതി വാര്‍ത്തയുണ്ടോ എന്നൊരു ചിന്ത ഉയരുന്നുണ്ട്. ജീതി വേര്‍തിരിവിന്റെ മുഖമടച്ച് അടിക്കേണ്ട കാലം കഴിഞ്ഞെന്ന് നവോത്ഥാന നായകര്‍ എന്നേ പറഞ്ഞു വെച്ചിരിക്കുന്നു. എന്നിട്ടും ഇപ്പോഴും ജാതിവാല്‍ പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന ഉന്നതകുലജാതര്‍ ദളിത് പീഡനങ്ങള്‍ക്ക് വ്യാകരണങ്ങളും വ്യാകുതലതകളും നിരത്തുകയാണ് ചെയ്യുന്നത്.

ഇനിയെങ്കിലും മാധ്യമങ്ങള്‍ ആ പാവം ദളിത് സ്ത്രീയെ നിയമത്തിന്റെ മറപിടിച്ച് ആക്രമിച്ചവരെയും, നീതിന്യാത്തെ വ്യാജ പരാതി കൊണ്ട് ആക്ഷേപിച്ചവരുടെയും മുഖങ്ങള്‍ കാണിക്കാന്‍ തയ്യാറാകണം. പട്ടികജാതി പട്ടിക വര്‍ഗ കമ്മിഷനുകള്‍ ഇനി എന്നാണ് ഈ കേസില്‍ ഇടപെടുക. അഴര്‍ക്കും സമയവും സന്ദര്‍ഭവുമൊക്കെയുണ്ടോ. ഉന്നതകുലജാതരായവരെ ഒരു മണിക്കൂറെങ്കിലും തറയില്‍ ഇരുത്താന്‍ കഴിയുമോ നിങ്ങള്‍ക്ക്. 20 മണിക്കൂറാണ് ആ സ്ത്രീയെ അവര്‍ നിലത്തിരുത്തി ‘ക്ഷ’ വരപ്പിച്ചത്. എന്നിട്ടോ, മാല കിട്ടിയെന്നറിഞ്ഞപ്പോള്‍, ഈ നാട്ടിലെങ്ങും കണ്ടുപോകരുതെന്നും, മക്കളെയോര്‍ത്ത് വിടുന്നുവെന്നുമുള്ള ദാക്ഷണ്യം കാട്ടുന്നു. ഈ നാട് ആരുടേതാണ്. ഈ നാട്ടിലെ നിയമം ആര്‍ക്കു വേണ്ടിയുള്ളാതാണ്. ചിന്തിച്ചു നോക്കേണ്ടതല്ലേ നമ്മള്‍ മനുഷ്യര്‍.

CONTENT HIGH LIGHTS;Where is Omana Daniel?: Are those who tortured Bindu faceless?; Aren’t they also accused in the Dalit rape case?; Why isn’t the media looking for those who were framed by filing false complaints?

Latest News