അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളുടെ സംവിധായകൻ സന്ദീപ് റെഡ്‌ഡി വംഗയും പ്രഭാസും ഒന്നിക്കുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. ഈ ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ നായികയാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചത് മൂലം ദീപികയെ സിനിമയിൽ നിന്ന് ഒഴിവാക്കിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സ്പിരിറ്റിൽ അഭിനയിക്കുന്നതിനായി ദീപിക പദുകോൺ മുന്നോട്ടുവെച്ച ഡിമാന്റുകൾ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് അവരെ ചിത്രത്തിൽനിന്നും ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടിയും സിനിമയുടെ ലാഭവിഹിതവും, തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നുള്ള നിരവധി ഡിമാന്റുകളാണ് ദീപിക മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിമാൻറുകൾ ചിത്രത്തിന്റെ ടീം അംഗീകരിക്കാൻ തയ്യാറായില്ല എന്നും ദീപികയ്ക്ക് പകരം മറ്റൊരു നായിക എത്തുമെന്നുമാണ് റിപ്പോർട്ട്.
സിനിമയുടെ അണിയറപ്രവർത്തകർ രുക്മിണി വസന്തുമായി ചർച്ചകളിലാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സപ്ത സാഗരദാച്ചെ എല്ലോ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് രുക്മിണി.
2025 ഒക്ടോബറിൽ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കും എന്നും സൂചനകളുണ്ട്. 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. മൃണാൾ താക്കൂർ, സെയ്ഫ് അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ സിനിമയിൽ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുമുണ്ട്.