മലേഷ്യയില്‍ മനുഷ്യക്കടത്തിനിരയായി ഗാര്‍ഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ് ഇടുക്കി കട്ടപ്പന സ്വദേശി മിനി ഭാര്‍ഗവനെ (54) വ്യാഴാഴ്ച രാത്രി 11.30 ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചു. ക്വലാലംപൂരില്‍ നിന്നും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 108 വിമാനത്തില്‍ എത്തിച്ച മിനിയെ വിദഗ്ധ തുടര്‍ ചികിത്സയ്ക്കായി എറണാകുളം കളമശേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതു പ്രകാരം നോര്‍ക്ക റൂട്ട്‌സിന്റെ ഇടപെടലില്‍ വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മിനിയുടെ ആരോഗ്യ സ്ഥിതിയും ചികിത്സാ പുരോഗതിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. മിനിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ വെന്റിലേറ്ററില്‍ തുടരുന്ന മിനിയുടെ ചികിത്സ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഏകോപിപ്പിക്കും. ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും പൊള്ളലേറ്റ് മാര്‍ച്ച് ഏഴിന് മിനിയെ മലേഷ്യയിലെ പെനാങ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും, ഇക്കാര്യം തൊഴിലുടമ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. മിനിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതായതോടെയാണ് കുടുംബം നോര്‍ക്ക റൂട്ട്‌സിലും ലോക കേരള സഭ സെക്രട്ടറിയേറ്റിലും ബന്ധപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മിനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകമറിയുന്നത്.
സന്ദര്‍ശക വിസയില്‍ മലേഷ്യയിലേക്ക് കടത്തിയ മിനിയുടെ സഹോദരിയടക്കം നാല്‍പ്പത്തിരണ്ട് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് മിനിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏജന്റിന്റെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സഹോദരിയെയും മറ്റൊരു സ്ത്രീയെയും എംബസിയുടെ നേതൃത്വത്തില്‍ പ്രത്യേക ഷെല്‍ട്ടറിലേക്ക് മാറ്റി. ഇന്ത്യന്‍ എംബസിയിലെ ലേബര്‍ വിംഗിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നോര്‍ക്കയും ലോക കേരള സഭാംഗംങ്ങളും പ്രവാസി സാമൂഹികപ്രവര്‍ത്തകരും നടത്തിയ ഇടപെടലുകളാണ് നടപടികള്‍ വേഗത്തിലാക്കി തുടര്‍ ചികിത്സയ്ക്കായി മിനിയെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത്.
CONTENT HIGH LIGHTS: Human trafficking: Mini Bhargavan, who was brought from Malaysia by air ambulance with serious burns, has been transferred to Kalamassery Medical College: Minister says a medical board will be formed to coordinate treatment