മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണു സംഭവത്തിലും,പിന്നാലെ നിരവധി ദേശീയപാതയില്‍ വിളളല്‍ ഉണ്ടായതിലും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മന്ത്രി എല്ലാ സ്ഥലത്തും പോയി റീല്‍ ഇടട്ടെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
വി.ഡി.സതീശന്‍ പറഞ്ഞത്….
”ദേശീയപാതയില്‍ വിളളലുകളുളള 50ല്‍ അധികം സ്ഥലങ്ങളുണ്ട്. പൊതുമപാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എല്ലാ സ്ഥലത്തും പോയി റീല്‍ ഇടട്ടേ. റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നു. ദേശീയപാത നിര്‍മ്മാണവുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുത്ത പോലെ ദേശീയപാതയുടെയും ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ദേശീയപാതയില്‍ വിളളല്‍ വീണത്. യുപിഎ ഗവണ്‍മെന്റ് റൈറ്റ് ടു കോമ്പന്‍സേഷന്‍ ആക്ട് കൊണ്ടുവന്നതിനെ തുടര്‍ന്നാണ് ദേശീയ പാതയ്ക്ക് ഭൂമി വിട്ടു നല്‍കിയവര്‍ക്ക് മികച്ച നഷ്ടപരിഹാരം ലഭിച്ചത്. അതുകൊണ്ടാണ് ഭൂമി ഏറ്റെടുക്കാന്‍ യാഥാര്‍ത്ഥ്യമായത്”.
ഗവ.പ്രസ്സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐഎന്റ്റിയുസി സംസ്ഥാന സമ്മേളനത്തിലെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ദേശീയപാത നിര്‍മാണം അതിന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പറഞ്ഞേ പറ്റൂ എന്ന ഹാഷ്ടാഗില്‍ സമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ദേശീയപാത നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല എന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇനിയുള്ള ഒരു വര്‍ഷം വികസന പ്രവര്‍ത്തനത്തിന്റെ റീല്‍സിടല്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം ഞങ്ങള്‍ അവസാനിപ്പിക്കും എന്ന് വ്യാമോഹിക്കേണ്ട. റീല്‍സ് ഇടല്‍ തുടരുമെന്നും മന്ത്രി വീഡിയോയില്‍ പറഞ്ഞു.
അതേസമയം കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിന്റെ നടപടിയെ തുടര്‍ന്ന് റോഡ് നിമര്‍മാണത്തിന് കരാറെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്രം ഡീബാര്‍ ചെയ്തു. കണ്‍സള്‍ട്ടന്റ് ആയ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് ഇനി തുടര്‍ കരാറുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.