Entertainment

ടോവിനോ ചിത്രം നരിവേട്ടക്ക് മികച്ച പ്രതികരണമോ? റിവ്യൂ അറിയാം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. നരിവേട്ട ഒരു പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറാണ് . നോണ്‍ ലീനിയറായ ആവിഷ്‌കാരമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. കൂട്ടം തെറ്റിയ ഒരു മൃഗത്തെ വേട്ടയാടി പിടിക്കും പോലെ വര്‍ഗീസ് എന്ന പൊലീസുകാരനെ വയനാട്ടില്‍ നിന്നും സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ പിടികൂടുന്നു. എന്താണ് വര്‍ഗീസ് ചെയ്ത കുറ്റം എന്നതിലേക്ക് പിന്നീടാണ് കഥ പോകുന്നത്. സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പിഎസ്‌സി എഴുതി ലിസ്റ്റില്‍ പേരുമായി ജോലി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് വര്‍ഗ്ഗീസ്.

വര്‍ഗ്ഗീസ് തന്റെ വീട്ടിലെ സാഹചര്യവും കാരണം പൊലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിക്കുന്നു. തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ജോലി എന്ന് നിരന്തരം വര്‍ഗ്ഗീസ് ഇവിടെ തെളിയിക്കുന്നുണ്ട്. എന്നാല്‍ വയനാട്ടിലെ ആദിവാസി ഭൂ സമരത്തിന് ഇടയില്‍ നിയമിക്കപ്പെടുന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് പിന്നീട് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

‘മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയിരുന്നത്. കാലഘട്ടം 2003 എന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ കേരളം കണ്ട വലിയ ആദിവാസി സമരങ്ങളില്‍ ഒന്നിന്റെ പാശ്ചത്തലം ചിത്രത്തിന് ഉണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ അതിനെ അതായി കാണിക്കുന്ന ഡോക്യുമെന്ററി രീതിയില്‍ അല്ല ചിത്രം ആവിഷ്‌കരിക്കുന്നത്. ആദിവാസി ഭൂമി പ്രശ്‌നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ സമൂഹത്തില്‍ അരിക് വല്‍ക്കരിക്കപ്പെട്ടവരെ എങ്ങനെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കുന്നു എന്ന് മൂര്‍ത്തമായി തന്നെ ആവിഷ്‌കരിക്കുന്നു ചിത്രം.

കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫാണ് ചിത്രത്തിന് തിരകഥ രചിച്ചിരിക്കുന്നത്. വര്‍ഗ്ഗീസ് എന്ന സ്വാര്‍ത്ഥനായ യുവാവില്‍ നിന്നും ടൊവിനോയുടെ കഥാപാത്രത്തിന്റെ വളര്‍ച്ച അവസാനം എത്തി നില്‍ക്കുന്ന രീതി തന്നെ ഗംഭീരമാണ്. ഹീറോ ഇമേജിനെ തീര്‍ത്തും കുടഞ്ഞെറിഞ്ഞ് നിസഹായതയും, ഭയവും, രോഷവും എല്ലാം ആവേശിക്കുന്ന കഥാപാത്രമായി ടൊവിനോ ചിത്രത്തില്‍ അടിമുടി മാറുന്നുണ്ട്.

ചിത്രത്തില്‍ ആര്യ സലിമും മികച്ച അഭിനയം തന്നെ കാഴ്ചവയ്ക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ വേഷം ശരിക്കും ചിത്രത്തിലെ സുപ്രധാന കഥാപാത്രമാണ്. ചിത്രത്തില്‍ ഡിഐജി കേശവദേവ് എന്ന വേഷത്തെ അവതരിപ്പിക്കുന്ന നടന്‍ ചേരനാണ്.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ അതീഗംഭീരമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിജയ്, സംഗീതം നല്‍കിയ ജേക്‌സ് ബിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ആര്‍ട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

ഒരിക്കലും അവസാനിക്കാത്ത ഇന്നും സജീവ ചര്‍ച്ചയായ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിഷയം ബിഗ് സ്‌ക്രീനിലേക്ക് കൊണ്ട് വന്ന് പുതിയ ചര്‍ച്ച വേദികള്‍ തുറന്നിടുകയാണ് നരിവേട്ട.