കണ്ണൂർ ചെങ്കൽപ്പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽ വർമൻ ആണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ ഒയോളത്താണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാളെ മുതൽ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. 24,25,26 തീയതികളിലാണ് കണ്ണൂർ പൈതൽമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവേശനം നിരോധിച്ചിരിക്കുന്നത്. ജില്ലയിൽ റെഡ് അലേർട്ട് മുന്നറിയിപ്പുള്ള പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ വരുന്ന നാല് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും നിലവിലുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
26 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ നാല് ദിവസം വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദേശമുണ്ട്. 2-3 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത്തവണ ശരാശരിയേക്കാൾ കൂടുതൽ മഴ കേരളത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
STORY HIGHLIGHT : Landslide in Chengalpana, Kannur; Worker dies