തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. രാവിലെ ഏഴ് മണിവരെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് ആണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നാണ് പ്രവചനം.
അറബിക്കടലിൽ ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലുണ്ടായ അതിശക്ത മഴയിൽ നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അപകടസാഹചര്യങ്ങൾ ഉണ്ടായാൽ ഉടനെ റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഈ മാസം 27 വരെ വിവിധ ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പ് ഉണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നാല് ദിവസത്തേക്ക് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഈ വര്‍ഷം ശരാശരിയെക്കാള്‍ ഉയര്‍ന്ന അളവില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.