ഭീകരവാദം എന്ന വൈറസിനെ നേരിടാൻ ഒറ്റക്കെട്ടായി പോരാടണം എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഇന്ത്യയുടെ മാത്രമല്ല, തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളുടെയും പങ്ക് ഉറപ്പാക്കുക എന്നത് ഇന്ത്യയുടെ ദൃഢനിശ്ചയമാണെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ ധരിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സർവ്വകക്ഷി പ്രതിനിധി സംഘങ്ങളുടെ വിദേശപര്യടനം. ജപ്പാൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡോ. ജോൺ ബ്രിട്ടാസ് എം പി ഈക്കാര്യം പറഞ്ഞത്. എല്ലാ രാജ്യങ്ങൾക്കും ഒരു സൈന്യമുണ്ട്, എന്നാൽ സൈന്യത്തിന് ഒരു രാഷ്ട്രമുണ്ട്, അതാണ് പാകിസ്ഥാൻ. ഒരു കഴിഞ്ഞ 30 വർഷമായി തീവ്രവാദ സംഘടനകളെ വളർത്തുന്ന രാജ്യമാണ് പാകിസ്ഥാനെന്നു പാക് മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇതിനേക്കാൾ എന്തു തെളിവാണ് വേണ്ടത്.
ഇന്ത്യയുടെ ഐക്യവും ദൃഢനിശ്ചയവും പ്രകടിപ്പിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. രാജ്യത്തിന് ഒറ്റയ്ക്ക് പോരാടാൻ കഴിയാത്ത തീവ്രവാദ ഭീഷണി ലോകരാഷ്ട്രങ്ങളെ ധരിപ്പിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.