കടലാക്രമണം രൂക്ഷമായതോടെ കൊച്ചി ചെല്ലാനത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം. കടലില്‍ ഇറങ്ങിയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടയുളളവരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
നാട്ടുകാരുടെ പ്രതികരണം
”കടല്‍ കറിയാല്‍ വീട്ടില്‍ എല്ലാം വെളളം കയറും. വലിയ ഒഴുകായിരിക്കും. അടച്ചുറപ്പുളള വീട് വേണമെന്നാണ് ആഗ്രഹം. ഇനിയൊരു വലിയകയറ്റം കയറി വന്നാല്‍ ഞങ്ങളുടെ വീട് പോകും. ഒരു അടച്ചുറപ്പുളള വീടാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഇപ്പോള്‍ വീട്ടില്‍ എല്ലാം വെളളം കയറി. വീട്ടില്‍ വെളളം കയറി ഴിഞ്ഞാല്‍ കുട്ടികള്‍ക്കൊന്നും പഠിക്കാന്‍ പോകാന്‍ കഴിയില്ല. എല്ലാ വര്‍ഷവും കടലാക്രമണം ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ പ്രതിഷേധിക്കും. അന്ന് പലരും വന്ന് എല്ലാം ശരിയാക്കി തരാം എന്ന് പറയും. ഞങ്ങള്‍ അത് വിശ്വസിക്കും. പക്ഷേ ആരും തിരിഞ്ഞുനോക്കില്ല. ഞങ്ങള്‍ പറ്റിക്കപ്പെടുകയാണ് ”.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ശക്തമായ കടലാക്രമണം നിലനില്‍ക്കുകയാണ്. കടലാക്രമണത്തില്‍ പ്രദേശത്തുളള വീടുകളില്‍ വെളളം കയറാന്‍ തുടങ്ങി. ഇതോടെ നാട്ടുകാര്‍ കടലില്‍ ഇറങ്ങി പ്രതിഷേധിക്കാന്‍ തുടങ്ങി. ചെല്ലാനത്തെ ഏഴ് കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് നിലവില്‍ ടെട്രാപോഡുകള്‍ സ്ഥാപിച്ചിച്ചുളളത്. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. ടെട്രാപോഡുകള്‍ സ്ഥാപിച്ചതിനപ്പുറത്തേക്കുളള സ്ഥലങ്ങളില്‍ വ്യാപക കടലാക്രമണമാണ് ഉണ്ടാകുന്നത്. ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുളള സ്ഥലങ്ങളിലായാണ് കടലാക്രമണം രൂക്ഷമായിട്ടുളളത്.
ചെല്ലാനത്ത് 350 കോടി രൂപ ചെലവിലാണ് ടെട്രോപോഡുകള്‍ സ്ഥാപിച്ചത്. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റര്‍ കടലോരത്താണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോഴും മറ്റ് സ്ഥലങ്ങളില്‍ കടലേറ്റം രൂക്ഷമാണ്.