Kerala

സംസ്ഥാനത്ത് കാലവര്‍ഷം പതിവ് തെറ്റിച്ച് ഒരാഴ്ച്ച മുൻപേ എത്തി | Monsoon

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തി. പതിവ് തെറ്റിച്ച് ഒരാഴ്ച മുമ്പേയാണ് മണ്‍സൂണിന്റെ വരവ്. പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തുടനീളം മഴ തകര്‍ത്തുപെയ്യുകയാണ്.

2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മൺസൂൺ എത്തിയത്. ഏറ്റവും വൈകി മൺസൂൺ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികൾ പരിശോധിക്കുമ്പോൾ മൺസൂൺ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. കേരള, ലക്ഷ്യദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുണ്ട്