Kerala

പച്ചത്തണലൊരുക്കാൻ കേരളം; ഒരു കോടി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനൊരുങ്ങി ഹരിത കേരളം മിഷൻ

കേരളത്തെ പരിസ്ഥിതി സൗഹൃദപരവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ ഒരു കോടി വൃക്ഷത്തൈകൾ നടാനൊരുങ്ങുകയാണ കേരള സർക്കാർ.ഇതിന്റെ ഭാ​ഗമായി ജൂൺ 1 മുതൽ എല്ലാ ഗ്രാമപഞ്ചായത്തുകളും അവരവരുടെ പ്രദേശങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന ഒരു ക്യാമ്പയിൻ ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഹരിത കേരളം മിഷൻ.

സോഷ്യൽ ഫോറസ്ട്രി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ (LSGDS), വിദ്യാഭ്യാസ വകുപ്പ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്യാമ്പയിൻ. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ദീർഘകാല പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാൻ ഒരുങ്ങുന്നത്.

ക്യാമ്പയിൻ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും മീറ്റിംഗുകൾ നടത്തി സ്കൂൾ തലത്തിൽ ക്യാമ്പയിൻ എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചുള്ള നിരവധി പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ജൂൺ 1-ന് ആരംഭിക്കുന്ന ക്യാമ്പയിൻ ഓഗസ്റ്റ് 31-ന് അവസാനിക്കും.

 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാമൂഹിക വനവൽക്കരണത്തിൽ നിന്നും നഴ്സറികളിൽ നിന്നും കായ്ക്കുന്ന സസ്യങ്ങൾ ക്യാമ്പയിനായി തിരഞ്ഞെടുക്കും. അതിനുപുറമെ ‘ഒരു കുട്ടിക്ക് ഒരു തൈ’ എന്ന പദ്ധതിയുടെ കീഴിലും സ്കൂളുകളിലെ ക്ലബ്ബുകൾ വഴിയും കുട്ടികൾ ശേഖരിക്കുന്ന സസ്യങ്ങൾ അവരുടെ വീടുകളിലും നട്ടുപിടിപ്പിക്കും. സസ്യങ്ങൾ ശരിയായ രീതിയിൽ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മത്സരങ്ങളും ഫോട്ടോ പങ്കിടൽ പരിപാടികൾ പോലുള്ള മറ്റ് പരിപാടികളും നടത്തും. ഇതിനുപുറമെ നിരീക്ഷണത്തിനായി ചുമതലയുള്ള ഉദ്യോഗസ്ഥർ എത്തും. അധിനിവേശ സസ്യങ്ങൾ പൂർണമായും നീക്കം ചെയ്യുകയും ക്യാമ്പയിന് കീഴിൽ അവ നട്ടുപിടിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

തദ്ദേശ സ്വയംഭരണ വകുപ്പിലെ (LSGD) അംഗങ്ങൾ അവരുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഒരു ചെറിയ വനം സ്ഥാപിച്ച് അതിന് അവരുടെ പേരിടാനും പദ്ധതിയുണ്ട്. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മാത്രം ഒതുങ്ങാതെ നട്ട വൃക്ഷങ്ങൾ സംരക്ഷിക്കാനാണ് പുതിയ പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.